16 September, 2022 08:10:46 AM
ചിക്കന്‍ ഫ്രൈഡ്‌റൈസില്‍ ചിക്കന്‍ കുറഞ്ഞെന്ന്: ഇടുക്കിയിലെ റിസോര്‍ട്ടിൽ സംഘര്‍ഷം
തൊടുപുഴ: ഇടുക്കിയില്‍ ചിക്കന്‍ ഫ്രൈഡ്‌റൈസില്‍ ചിക്കന്‍ കുറഞ്ഞെന്നാരോപിച്ചു റിസോര്‍ട്ടിലെ റസ്റ്റോറന്റില്‍ സംഘര്‍ഷം. രാമക്കല്‍മേട്ടിലെ സിയോണ്‍ ഹില്‍സ് റിസോര്‍ട്ടിലാണ് അഞ്ചംഗ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. റസ്റ്റോറന്റിലെ മേശകളും പ്ലേറ്റുകളും അടിച്ചുപൊട്ടിച്ച സംഘം ജീവനക്കാരനെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു
ബുധനാഴ്ച രാത്രി 10.30നാണു സംഭവം. ചിക്കന്‍ ഫ്രൈഡ്‌റൈസ് ഉള്‍പ്പെടെയുള്ള ഭക്ഷണസാധനങ്ങള്‍ സംഘം കഴിച്ചു. ഇതിനിടയില്‍ ഫ്രൈഡ്‌റൈസില്‍ ചിക്കന്‍ കുറഞ്ഞുപോയെന്നും കൂടുതല്‍ ചിക്കന്‍ വേണമെന്നും ആവശ്യപ്പെട്ട് സംഘത്തിലൊരാള്‍ കഴിച്ചുകൊണ്ടിരുന്ന പ്ലേറ്റ് അടിച്ചു പൊട്ടിച്ചു. തുടര്‍ന്ന് ഒന്നര മണിക്കൂര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നാണ് റിസോര്‍ട്ട് മാനേജ്‌മെന്റിന്റെ ആരോപണം.
മേശകള്‍ തകര്‍ത്തെന്നും ഒരു ജീവനക്കാരനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. അക്രമികളില്‍ ഒരാളുടെ കൈക്കു പരുക്കേറ്റതായും ജീവനക്കാര്‍ പറഞ്ഞു. എന്നാല്‍, തങ്ങള്‍ ആവശ്യപ്പെട്ട ഭക്ഷണമല്ല നല്‍കിയതെന്നും അതിനെത്തുടര്‍ന്നു വാക്കുതര്‍ക്കം മാത്രമാണ് ഉണ്ടായതെന്നും മേശ തകര്‍ത്തിട്ടില്ലെന്നും ആരോപണവിധേയരായ യുവാക്കള്‍ പറഞ്ഞു.