15 September, 2022 03:52:34 PM


പണം ചോദിച്ച് കിട്ടാതായപ്പോള്‍ ബീഫ് ഫ്രൈ തട്ടിയെടുത്തു; രണ്ട് പേര്‍ പിടിയില്‍



ആലപ്പുഴ: യുവാവിനെ ആക്രമിച്ച് ബീഫ് ഫ്രൈ തട്ടിയെടുത്ത സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി. ആലപ്പുഴ കാര്‍ത്തികപ്പള്ളി സ്വദേശി വിഷ്ണു, പിലാപ്പുഴ സ്വദേശി ആദര്‍ശ് എന്നിവരാണ് അറസ്റ്റിലായത്. കാര്‍ത്തികപ്പള്ളി പുതുക്കുണ്ടം സ്വദേശി വിഷ്ണുവിനാണ് ഗുണ്ടാ സംഘത്തിന്റെ മര്‍ദനമേറ്റത്.

സെപ്തംബര്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഹരിപ്പാടുള്ള തട്ടുകടയില്‍ നിന്ന് ബീഫ് ഫ്രൈ വാങ്ങി ബൈക്കില്‍ പോകാന്‍ ശ്രമിക്കുമ്പോള്‍ പ്രതികള്‍ വിഷ്ണുവിനെ തടഞ്ഞുനിര്‍ത്തി. പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തു.

എന്നാല്‍ പണം കിട്ടാതായ ദേഷ്യത്തില്‍ മര്‍ദനത്തില്‍ അവശനായ വിഷ്ണുവിന്റെ പക്കല്‍ നിന്ന് ബീഫ് ഫ്രൈ തട്ടിപ്പറിച്ച ശേഷം അക്രമികള്‍ കടന്നുകളഞ്ഞെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ ഹരിപ്പാട് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലെ പ്രത്യേക സംഘമാണ് പിടികൂടിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K