15 September, 2022 01:08:45 PM
പേവിഷബാധ സ്ഥിരീകരിച്ച പശുവിന്‍റെ പാല്‍ കുടിച്ചവര്‍ പരിഭ്രാന്തരാകേണ്ടെന്ന് അധികൃതർ
കണ്ണൂർ : പേവിഷബാധ സ്ഥിരീകരിച്ച പശുവിന്‍റെ പാല്‍ കുടിച്ച് പോയെന്ന് കരുതി ആരും പരിഭ്രാന്തരാവേണ്ടതില്ലെന്ന് കണ്ണൂര്‍ ജില്ലാ വെറ്ററിനറി സൂപ്രണ്ട് ഡോ. എസ്.ജെ.ലേഖ പറഞ്ഞു. പാലില്‍ രോഗാണുക്കളുണ്ടെങ്കില്‍ തന്നെയും ചൂടാക്കുമ്ബോള്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ അവ നശിക്കും. 60 ഡിഗ്രി സെന്‍റിഗ്രേഡില്‍ ചൂടാക്കിയാല്‍ 10 സെക്കന്‍ഡിനുള്ളില്‍ വൈറസുകള്‍ നശിച്ചുപോകും.
പേവിഷബാധ സ്ഥിരീകരിച്ച പശുവിന്‍റെ പാല്‍ ചൂടാക്കാതെ കറന്നെടുത്ത ഉടന്‍ നേരിട്ടാണ് കുടിച്ചതെങ്കില്‍ പ്രതിരോധകുത്തിവയ്പ്പുകള്‍ ആവശ്യമാണന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍ സാധാരണ ഗതിയില്‍ പാല്‍ ചൂടാക്കിയാണ് ഉപയോഗിക്കാറ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ഭയപ്പെടേണ്ട സാഹചര്യമില്ല.
കണ്ണൂരില്‍ പശുക്കളിലെ പേ വിഷബാധയില്‍ കര്‍ശന ജാഗ്രതയാണ് സ്വീകരിക്കുന്നതെന്ന് ഡോ. എസ്.ജെ ലേഖ കൂട്ടിച്ചേര്‍ത്തു. വളര്‍ത്തു മൃഗങ്ങളുടെ കാര്യത്തില്‍ കര്‍ഷകര്‍ ജാഗ്രത പാലിക്കണം. രോഗബാധ സംശയിച്ചാല്‍ വെറ്ററിനറി ഡോക്ടറുടെ സേവനം തേടണം. വളര്‍ത്തുമൃഗങ്ങള്‍ക്കും വാക്സിന്‍ പരിഗണയിലുണ്ട്. പശുക്കള്‍ ചത്താല്‍ ദുരന്തനിവാരണ ഫണ്ടില്‍ നിന്നും ധനസഹായം നല്‍കും. ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുയാണ്.
അതേസമയം തെരുവ് നായ പ്രതിരോധത്തിന് മുന്നോടിയായി മൃഗസംരക്ഷണ വകുപ്പ് ഇന്ന് യോഗം ചേരും. വാക്സിന്‍ സംഭരണം, ജീവനക്കാരുടെ വിന്യാസം, അനുബന്ധ സൗകര്യങ്ങള്‍ എന്നിവ ചര്‍ച്ചയാകും. തദ്ദേശ വകുപ്പും മൃഗസംരക്ഷണ വകുപ്പും ചേര്‍ന്നാണ് പേവിഷ പ്രതിരോധം, തെരുവുനായ നിയന്ത്രണം എന്നിവ നടപ്പാക്കേണ്ടത്. മന്ത്രി ചിഞ്ചുറാണിയുടെ അധ്യക്ഷതയില്‍ ആണ് യോഗം.