12 September, 2022 08:28:07 AM
നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരു മരണം
ഇടുക്കി: നേര്യമംഗലം ചാക്കോച്ചിവളവിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഒരാള്‍ മരിച്ചു. അടിമാലി കുളമാങ്കുഴ സ്വദേശി സജീവാണ് മരിച്ചത്. പരിക്കേറ്റ പത്താംമൈല്‍ സ്വദേശി അസീസിന്റെ നില ഗുരുതരമാണ്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ കോതമംഗലം, നേര്യമംഗലം ആശുപത്രികളിലേയ്ക്ക് മാറ്റി.
അടിമാലിയില്‍ നിന്ന് നേര്യമംഗലത്തേക്ക് സഞ്ചരിക്കുകയായിരുന്ന കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ അറുപതോളം യാത്രക്കാരുണ്ടായിരുന്നു. പുലർച്ചെ ആറിനാണ് അപകടം സംഭവിച്ചത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ബസിന്റെ ടയർ പൊട്ടിയാണ് അപകടം. ബസ് വഴിയുടെ വശത്തുള്ള താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. വൻ അപകടസാധ്യതയുള്ള സ്ഥലത്താണ് അപകടം നടന്നത്. വർഷങ്ങൾക്ക് മുമ്പ് ചാക്കോച്ചി എന്ന ബസ് മറിഞ്ഞ് ആറ് പേർ മരിച്ചതോടെയാണ് സ്ഥലത്തിന് ഈ പേര് ലഭിച്ചത്.