10 September, 2022 07:05:15 PM
അച്ചൻകോവിലാറിൽ പള്ളിയോടം മറിഞ്ഞ് കാണാതായ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി
ആലപ്പുഴ: അച്ചൻകോവിലാറിൽ പള്ളിയോടം മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശന്റെ മകൻ ആദിത്യന്‍റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. ചെറുകോൽ സ്വദേശി വിനീഷിന്റെ (37) മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയത്. നാല് പേരാണ് അപകടത്തിൽപെട്ടതെന്നാണ് വിവരം. രണ്ട് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. പോലീസും ഫയര്‍ഫോഴ്സിനും പുറമെ സ്കൂബാ ഡൈവിങ് സംഘവും തിരച്ചിൽ നടത്തുന്നുണ്ട്. നാവിക സേനയുടെ സഹായവും തേടിയിട്ടുണ്ട്.
ചെറുകോൽ മനാശെരിൽ വിനീഷ്, ചെന്നിത്തല സ്വദേശി,വൃന്ദാവനത്തിൽ രാഗേഷ്, എന്നിവർ ഉൾപ്പെടെ 4 പേരാണ് അപകടത്തിൽപെട്ടത്. പ്ലസ് ടു വിദ്യാർത്ഥിയാണ് ആദിത്യൻ. ആറന്മുള ഉത്രട്ടാതി വള്ളംകളിയ്ക്ക് പുറപ്പെടാൻ ഒരുങ്ങിയ ചെന്നിത്തല പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്. വലിയ പെരുംമ്പുഴ കടവിലായിരുന്നു അപകടം. രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
അറുപത് തുഴച്ചിലുകാർ കയറുന്ന പള്ളിയോടമാണ് ചെന്നിത്തല പള്ളിയോടമെന്നാണ് വിവരം. ഇതിൽ അമ്പതിലേറെ ആളുകൾ ഉണ്ടായിരുന്നു. പ്രദക്ഷിണ സമയത്ത് തുഴച്ചിൽകാർ അല്ലാത്തവരും വഴിപാടായി വള്ളത്തിൽ കയറിയിരുന്നു. പള്ളിയോടം മറിയാൻ ഇടയായ സാഹചര്യത്തെ കുറിച്ച് പ്രത്യേകമായി പരിശോധിക്കേണ്ടതുണ്ട് എന്ന് മന്ത്രി പി പ്രസാദ്. സ്കൂബ ഡ്രൈവേഴ്സിന്റെ മൂന്ന് ടീം നിലവിൽ പരിശോധന നടത്തുകയാണ്. നാവിക സേനയുടെ സഹായം തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.