09 September, 2022 10:01:18 PM


നവജാതശിശുവിനെ പൊന്തക്കാട്ടില്‍ ഉപേക്ഷിച്ച സംഭവം: അമ്മയെ കണ്ടെത്തി



ആലപ്പുഴ: തുമ്പോളി ജംഗ്ഷന് സമീപം നവജാത ശിശുവിനെ പൊന്തക്കാട്ടില്‍ ഉപേക്ഷിച്ച അമ്മയെ കണ്ടെത്തിയെന്ന് പൊലീസ്. പ്രസവിച്ച ശേഷം യുവതി പെണ്‍കുഞ്ഞിനെ പൊന്തക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. അമിതരക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് പൊലീസ് ഇവരെ കണ്ടെത്തിയത്.

പൊന്തക്കാട്ടില്‍ കണ്ടെത്തിയ കുഞ്ഞ് ജനിച്ച് മണിക്കൂറുകള്‍ ആയിട്ടുള്ളൂ എന്ന് തിരച്ചറിഞ്ഞതോടെ പൊലീസ് പ്രദേശത്തെ ആശുപത്രികളില്‍ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് യുവതിയെ തിരിച്ചറിഞ്ഞത്. കുഞ്ഞിനെ ഉപേക്ഷിച്ച് തിരികെ വീട്ടിലെത്തിയതോടെ യുവതിക്ക് അമിതരക്തസ്രാവമുണ്ടാകുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവും അമ്മയും ചേര്‍ന്നാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.

യുവതി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്ന് കുടുംബം പ്രതികരിച്ചു. ആശുപത്രിയിലെത്തിയപ്പോഴാണ് പ്രസവത്തെതുടര്‍ന്നുള്ള രക്തസ്രാവമാണെന്ന് അറിഞ്ഞതെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം ഇവരില്‍ നിന്ന് പൊലീസ് വിശദമായ മൊഴിയെടുക്കും.

ആക്രി വസ്തുക്കള്‍ ശേഖരിക്കാന്‍ എത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് രാവിലെ നവജാത ശിശുവിനെ കണ്ടെത്തിയത്. പൊന്തക്കാട്ടില്‍ നിന്നും കരച്ചില്‍ കേട്ട് നടത്തിയ തെരച്ചിലിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് ആലപ്പുഴയിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K