30 August, 2022 10:49:15 PM


മാവേലിക്കരയിൽ വൻ കഞ്ചാവ് വേട്ട: 21 കിലോ കഞ്ചാവുമായി 'ഇക്രുവും പക്രുവും' പിടിയിൽ



മാവേലിക്കര: മാവേലിക്കരയിൽ അഞ്ച് ലക്ഷം രൂപയ്ക്ക് മുകളില്‍ വില വരുന്ന കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. പ്രായിക്കര കണ്ടെത്തിച്ചിറയില്‍ താജു (30), മാവേലിക്കര, മണക്കാട് മുറിയില്‍, കളിയിക്കവടക്കത്തില്‍, വിനീത് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാറും കസ്റ്റഡിയില്‍. പിടികൂടിയ കഞ്ചാവിന് പൊതുവിപണിയില്‍ അഞ്ച് ലക്ഷം രൂപയിലേറെ വിലവരും.

ആഡംബര ബൈക്കുകളില്‍ എത്തുന്ന യുവാക്കള്‍ക്ക് നല്‍കുവാനായി ചില്ലറ വില്‍പനക്ക് പോകാന്‍ തയ്യാറെടുക്കവേയാണ് കാറില്‍ നിന്നും പ്രതികളെ പിടികൂടിയത്. മാവേലിക്കര - ചെങ്ങന്നൂര്‍ കേന്ദ്രികരിച്ചുള്ള ലഹരിവില്‍പനയുടെ പ്രധാന കണ്ണികളാണ് പിടിയിലായവര്‍. അന്തര്‍സംസ്ഥാന ബന്ധമുള്ള ലഹരിമാഫിയയിലെ കണ്ണികളായ ഇവര്‍ ആഡംബര വാഹനങ്ങളില്‍ സ്ത്രീകളെ ഉപയോഗിച്ച്‌ ലഹരി മരുന്നുകള്‍ കടത്തുന്നതും പതിവാണ്.

എഞ്ചിനീയറിംഗ് ബിരുദധാരികളായ ഇവര്‍ ആഡംബര ജീവിതം നയിക്കുന്നതിനു വേണ്ടിയാണ് ലഹരി മരുന്നുകള്‍ കടത്തി വില്‍പ്പന നടത്തുന്നത്. ഇക്രു എന്നും പക്രു എന്നും ഓമനപ്പേരില്‍ അറിയപ്പെടുന്ന ഇവര്‍ ലഹരി പാര്‍ട്ടികളിലെ സ്ഥിര സാന്നിധ്യമാണെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. ഇവരുടെ വിതരണ ശൃംഖലയിലെ കണ്ണികളെ കുറിച്ച്‌ ആലപ്പുഴ എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോക്ക് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.

പ്രതികള്‍ അഞ്ച് ഗ്രാം പായ്ക്ക് 500 രൂപയ്ക്കാണ് ചില്ലറ വില്‍പന നടത്തിയിരുന്നത്. സ്കൂള്‍, കോളജ് കുട്ടികള്‍ക്കും, യുവാക്കള്‍ക്കും കഞ്ചാവ് വില്‍പന നടത്താറുണ്ടെന്ന് ഇവര്‍ പറയുന്നു. സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് മേധാവി ടി അനികുമാര്‍ നല്‍കിയ അറിയിപ്പിനെ തുടര്‍ന്ന് ആലപ്പുഴ എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയും, മാവേലിക്കര എക്സൈസ് റേഞ്ച് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഓണത്തോടനുബന്ധിച്ച്‌ വില്‍പനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടികൂടിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K