29 August, 2022 11:38:09 AM
ഇടുക്കി കുടയത്തൂര്‍ ഉരുൾപൊട്ടലിൽ മരിച്ച അഞ്ച് പേരുടെയും മൃതദേഹം കണ്ടെത്തി
ഇടുക്കി: കുടയത്തൂര്‍ സംഗമം കവല മാളിയേക്കല്‍ കോളനിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം അഞ്ചായി. അപകടത്തില്‍പ്പെട്ട ചിറ്റടിച്ചാല്‍ സോമന്റ വീട് പൂര്‍ണമായും മണ്ണിനടിയിലായി. എല്ലാവരുടെയും മൃതദേഹം കണ്ടെടുത്തു.
മഴയെ തുടര്‍ന്ന് പത്തനംതിട്ടയില്‍ ചെറുതോടുകള്‍ കര കവിഞ്ഞൊഴുകുകയാണ്. ചുങ്കപ്പാറ ടൗണില്‍ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. കോട്ടയം ജില്ലയുടെ പല ഭാഗങ്ങളിലും ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മലയോര മേഖലകളില്‍ ഓറഞ്ച് അലേര്‍ട്ടിന് സമാനമായ ജാഗ്രത വേണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. നെടുംകുന്നം, മാന്തുരുത്തി, മണിമല, പാമ്ബാടി, കറുകച്ചാല്‍ മേഖലകളിലാണ് വെള്ളക്കെട്ടുള്ളത്
പ്രധാന റോഡുകളില്‍ വെള്ളം കയറി. മണിമല പൊന്തന്‍പുഴയില്‍ വീട്ടിലേക്കു മണ്ണിടിഞ്ഞു വീണു. പാമ്ബാടിയില്‍ ഒന്നര പതിറ്റാണ്ടിനു ശേഷമാണ് വെള്ളപ്പൊക്കമുണ്ടാകുന്നത്. നിലവില്‍ മഴ മാറി നില്‍ക്കുകയാണ്. സെപ്തംബര്‍ ഒന്ന് വരെ ജില്ലയില്‍ ശക്തമായ മഴ ലഭിക്കുമെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ ശക്തമായ ജാഗ്രത നിര്‍ദേശമാണ് ജില്ലാ ഭരണകൂടം നല്‍കിയിരിക്കുന്നത്.