29 August, 2022 09:18:09 AM


ഇടുക്കി കുടയത്തൂരില്‍ ഉരുള്‍പൊട്ടലില്‍ മൂന്ന് മരണം; രണ്ട് പേരെ കാണാതായി



ഇടുക്കി: കുടയത്തൂരില്‍ ഉരുള്‍പൊട്ടലില്‍ മൂന്ന് മരണം. മണ്ണിനടിയിലായ രണ്ടുപേരെ ഇനിയും കണ്ടെത്താനുണ്ട്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ സംഗമം കവല മാളിയേക്കല്‍ കോളനിയിലാണ് ഉരുള്‍പൊട്ടിയത്. ചിറ്റാലിച്ചാലില്‍ സോമന്‍റെ വീട് പൂര്‍ണമായും ഒലിച്ചുപോയി. മാതാവ് തങ്കമ്മയുടെ മൃതദേഹം രാവിലെ കണ്ടെത്തിയിരുന്നു. പിന്നാലെ പേരക്കുട്ടിയുടെയും. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍  ഒരു മൃതദേഹം കൂടി കണ്ടെത്തി. ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

സോമന്‍, ഭാര്യ ഷീജ, മകള്‍ ഷൈബ, ഇവരുടെ മകന്‍ ദേവനന്ദ്, സോമന്‍റെ മാതാവ് തങ്കമ്മ എന്നിവരാണ് അപകട സമയത്ത് വീട്ടിലുണ്ടായിരുന്നത്. മണ്ണുമാന്തി യന്ത്രം അടക്കമുള്ള സംവിധാനങ്ങളെത്തിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുകയാണ്. വീണ്ടും ഉരുള്‍പൊട്ടാനുള്ള മുന്നറിയിപ്പ് നല്‍കിയതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. 




'തൊടുപുഴയില്‍ നിന്ന് അരമണിക്കൂര്‍ ദൂരത്താണ് ഉരുള്‍പൊട്ടലുണ്ടായ സ്ഥലം. രാത്രി 12 മണിയോടെയാണ് മഴ അതിശക്തമായത്. കുടയത്തൂര്‍ പഞ്ചായത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പും ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്. കാണാതായവര്‍ക്ക് വേണ്ടി ഫയര്‍ഫോഴ്‌സും നാട്ടുകാരും പൊലീസും തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രി മുതല്‍ അതിശക്തമായ മഴയാണ് പ്രദേശത്ത് പെയ്യുന്നത്. പ്രദേശത്ത് ആദ്യമായാണ് ഉരുള്‍പൊട്ടലുണ്ടാകുന്നതെന്നും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജാഗ്രത തുടരണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി പ്രതികരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K