22 August, 2022 08:32:37 PM


എം.ഡി.എം.എയുമായി യുവതിയും യുവാവും തൊടുപുഴയിലെ ലോഡ്ജിൽ പിടിയിൽ



തൊടുപുഴ: തൊടുപുഴയിലെ ലോഡ്ജിൽനിന്ന് എം.ഡി.എം.എയുമായി യുവതിയും യുവാവും പിടിയിൽ. കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ ഷാജി (22), തൊടുപുഴ പെരുമ്പള്ളിച്ചിറ സ്വദേശി യൂനസ് എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 6.6 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് തിങ്കളാഴ്ച രാവിലെ തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് ഇരുവരേയും പിടികൂടിയത്.

യുവാവ് ഇതിനുമുമ്പും ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചുദിവസമായി ഇരുവരും പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. യുവതിയും യുവാവും ഇടയ്ക്കിടെ തൊടുപുഴയിലെ ലോഡ്ജിൽ എത്തിയിരുന്നു. പോലീസ് സംശയിക്കാതിരിക്കാൻ ലോഡ്ജ് കേന്ദ്രീകരിച്ച് 22-കാരിയായ അക്ഷയയെ ഉപയോഗിച്ച് വിൽപ്പന നടത്തുകയായിരുന്നു പതിവ്.

എംഡിഎംഎയുമായി എത്തിയശേഷം അത് വിറ്റുതീരുന്നതുവരെ ഇവിടെ താമസിക്കുന്നതായിരുന്നു ഇവരുടെ രീതിയെന്നും പോലീസ് പറയുന്നു. സ്കൂൾ, കോളേജ് വിദ്യാർഥികൾക്കാണ് ഇവർ പ്രധാനമായും ലഹരി മരുന്ന് വിതരണം ചെയ്തത്. ഏതാണ്ട് അഞ്ചുലക്ഷം രൂപയോളം വിലവരുന്ന മയക്കുമരുന്നാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. മയക്കുമരുന്ന് ചൂടാക്കുന്നതിനുള്ള സ്ഫടിക കുഴലും മയക്കുമരുന്ന് വിതരണം ചെയ്യാനുള്ള ചെറിയ പാക്കറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K