19 August, 2022 06:07:19 PM


ഷാജഹാന്‍ വധം: പ്രതികള്‍ ബിജെപി അനുഭാവികളെന്ന് പൊലീസ്; സിപിഎം എന്നാവർത്തിച്ച് പ്രതികളും



പാലക്കാട്: സിപിഎം ലോക്കൽ കമ്മറ്റിയംഗം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ  പ്രതികൾ ബിജെപി അനുഭാവികളെന്ന് പൊലീസും സിപിഎമ്മുകാരാണെന്ന് പ്രതികളും ആവർത്തിച്ചു പറയുന്നു. മുഖ്യപ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് പാലക്കാട് കോടതിയിൽ സമർപ്പിച്ച  കസ്റ്റഡി അപേക്ഷയിലാണ് പൊലീസ് പ്രതികൾ ബിജെപി അനുഭാവികളെന്ന് വ്യക്തമാക്കിയത്. അതേസമയം ഞങ്ങൾ സിപിഎമ്മുകാരാണെന്ന്  പ്രതികൾ  ആവർത്തിച്ചു.

ഷാജഹാൻ വധക്കേസിൽ ആദ്യം അറസ്റ്റിലായ നവീൻ, സുജീഷ്, അനീഷ്, ശബരീഷ് എന്നിവരെ കസ്റ്റഡിയിലെടുക്കുന്നതിനായി പൊലീസ് നൽകിയ അപേക്ഷയിലാണ് പ്രതികൾ ബിജെപി അനുഭാവികളാണെന്ന് വ്യക്തമാക്കിയത്. കൊലപാതകം  രാഷ്ട്രീയ വിരോധം മൂലമാണന്നും കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കുന്നു. പ്രതികളായ എട്ടു പേരും ബിജെപി അനുഭാവികളാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

എന്നാൽ ഇന്ന് കോടതിയിൽ ഹാജരാക്കിയ പ്രതികളിൽ ശിവരാജനും അനീഷും നവീനും ഞങ്ങൾ സിപിഎമ്മുകാരാണെന്ന് ആവർത്തിച്ചു. മുഖ്യപ്രതി നവീൻ കയ്യിൽ ചെഗുവേരയുടെ പച്ചക്കുത്തിയതും കാണിച്ചു. ഇത് ഉയർത്തി കാണിച്ചാണ് ഞങ്ങൾ കമ്മ്യൂണിസ്റ്റാണെന്ന് ആവർത്തിച്ചത്. ഇന്നലെ അറസ്റ്റിലായ ശിവരാജൻ തന്നെ പൊലീസ് മർദ്ദിച്ചതായി കോടതിയിൽ പരാതിപ്പെട്ടു. സഹോദരനെതിരെ പറയണമെന്നാവശ്യപ്പെട്ട് മർദ്ദിച്ചുവെന്നാണ് ശിവരാജൻ ആരോപിച്ചത്.

കേസിൽ ആദ്യം അറസ്റ്റിലായ നാലു പേരെ ആറു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്നലെ അറസ്റ്റിലായ ശിവരാജൻ, വിഷ്‌ണു, സുനീഷ്, സതീഷ് എന്നിവരെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K