18 August, 2022 06:45:50 PM
യൂറിയ കലര്‍ന്ന 12,700 ലിറ്റര്‍ പാല്‍ പാലക്കാട് പിടികൂടി; തമിഴ്നാട്ടിലേക്ക് തിരിച്ചയച്ചു
പാലക്കാട്: യൂറിയ കലര്‍ന്ന 12,700 ലീറ്റര്‍ പാല്‍ പാലക്കാട് മീനാക്ഷിപുരത്ത് പിടികൂടി. തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്ന് തൃശൂരിലേക്ക് കൊണ്ടുവന്ന പാലാണ് പിടികൂടിയത്. മായം കണ്ടെത്തിയതിനെ തുടര്‍ന്ന് ടാങ്കര്‍ തമിഴ്നാട്ടിലേക്ക് തിരിച്ചയച്ചു.
തൃശൂരിലേത് ഉള്‍പ്പെടെ കേരളത്തിലെ മിക്ക പാല്‍ നിര്‍മ്മാണ കമ്പനികളും തമിഴ്നാട്ടില്‍നിന്നെത്തിക്കുന്ന പാലാണ് കവറിലാക്കി വിതരണം ചെയ്യുന്നത്. ഇത്തരം കമ്പനികളില്‍ ഭൂരിഭാഗവും നാട്ടിലോ അടുത്ത സംസ്ഥാനങ്ങളില്‍പോലുമോ സ്വന്തമായി ഫാമുള്ളവര്‍ പോലുമല്ല. തമിഴ്നാട്ടില്‍നിന്നും മറ്റും മായം കലര്‍ത്തി എത്തിക്കുന്ന പാലാണ് വിവിധ ദിവസങ്ങളിലായി ഇവര്‍ വിറ്റഴിക്കുന്നത്. വന്‍കിട പരസ്യങ്ങളുടെ ചുവടുപിടിച്ച് വിപണി കീഴടക്കിയിരിക്കുന്ന പാല്‍ കമ്പനികള്‍ക്കെതിരെ നേരത്തെയും ആരോപണങ്ങളും വാര്‍ത്തകളും വന്നിരുന്നു.
യഥാര്‍ത്ഥ പാലാണെങ്കില്‍ ഒന്നില്‍ കൂടുതല്‍ ദിവസം സാധാരണ ഊഷ്മാവില്‍ കേടുകൂടാതെ ഇരിക്കില്ലെന്ന് ഒരു വിദഗ്ധന്‍ കൈരളി വാര്‍ത്തയോട് പറഞ്ഞു. യൂറിയ പോലുള്ള മായം കലരുന്നതും പൊടികള്‍ കലക്കി നിര്‍മ്മിക്കുന്നതും കൊണ്ടാണ് ഇത്തരം കമ്പനികളുടെ പാല്‍ ദിവസങ്ങളോളം കേടുകൂടാതെ ഇരിക്കുന്നതത്രെ. എന്നാല്‍ ഭക്ഷ്യസുരക്ഷാവകുപ്പിന്‍റെ കാര്യക്ഷമമായ പരിശോധനകള്‍ ഇല്ലാത്തതാണ് ഇവര്‍ക്ക് വളമാകുന്നതെന്നും ആരോപണമുണ്ട്.