15 August, 2022 07:36:17 PM


നെഹ്റു ട്രോഫി വള്ളം കളി: 17 വള്ളങ്ങള്‍ പങ്കെടുക്കും; ടിക്കറ്റ് വില്‍പന ബുധനാഴ്ച മുതൽ



ആലപ്പുഴ: നെഹ്റു ട്രോഫി വള്ളം കളിയുടെ ടിക്കറ്റ് വിൽപന ബുധനാഴ്ച മുതൽ ആരംഭിക്കും. 3000 മുതൽ 100 രൂപ വരെയുള്ള ടിക്കറ്റുകൾ സർക്കാർ ഓഫീസുകൾ വഴി ലഭ്യമാകും. പ്രിന്‍റ് ചെയ്ത ടിക്കറ്റുകളിൽ‌ സീൽ ചെയ്യുന്നതും ഹോളോഗ്രാം പതിപ്പിക്കുന്നതുമായ ജോലികൾ ചൊവ്വാഴ്ചയോടെ പൂർത്തിയാകും. കാസർകോട്, വയനാട്, കണ്ണൂർ, ഇടുക്കി എന്നീ ജില്ലകളൊഴികെ പത്തു ജില്ലകളിലെ പ്രധാന സർക്കാർ ഓഫീസുകളിലും ടിക്കറ്റ് ലഭ്യമാണ്.

ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളിലും ടിക്കറ്റ് ലഭിക്കും. ഓൺലൈനിലും നെഹ്റു ട്രോഫിയുടെ ടിക്കറ്റ് ലഭിക്കും. ഇത്  htthps://nehrturophy.nic.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. നെഹ്റുട്രോഫി വള്ളംകളിയുടെ ട്രാക് ആൻഡ് ഹീറ്റ്സ് നറുക്കെടുപ്പ് ഈ മാസം 27ന് നടത്താൻ തീരുമാനിച്ചിരുന്നു. ഇത് മാറ്റുന്ന കാര്യം ആലോചനയിലാണ്.

നറുക്കെടുപ്പ് നേരത്തേ നടത്തിയാൽ മാത്രമേ മുന്നൊരുക്കം പൂർത്തിയാക്കാൻ കഴിയൂ. 16ന് ചേരുന്ന എൻ.ടി.ബി.ആർ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിൽ ഇക്കാര്യത്തിലടക്കം തീരുമാനമുണ്ടാകും. 27ന് രാവിലെ നടത്താൻ നിശ്ചയിച്ചിരുന്ന ക്യാപ്റ്റൻസ് ക്ലിനിക്കിന്റെ തീയതിക്കും മാറ്റം വരും. 20 മുതൽ 25 വരെയാണ് നിലവിൽ വള്ളങ്ങളുടെ രജിസ്ട്രേഷനുള്ള സമയം അനുവദിച്ചത്. വള്ളംകളിയുടെ മുഖ്യാതിഥിയായി മുഖ്യമന്ത്രി പിണറായി വിജയൻ എത്തും. ടൂറിസം മന്ത്രി പി.കെ. മുഹമ്മദ് റിയാസും പങ്കെടുക്കും.

ടിക്കറ്റ് നിരക്ക്:

ടൂറിസ്റ്റ് ഗോൾഡ് (നെഹ്റു പവിലിയൻ) -3000

ടൂറിസ്റ്റ് സിൽവർ (നെഹ്റു പവിലിയൻ) -2500

റോസ് കോർണർ (കോൺക്രീറ്റ് പവിലിയൻ) -1000

വിക്ടറി ലെയ്ൻ (വുഡൻ ഗാലറി) -500

ഓൾവ്യൂ (വുഡൻ ഗാലറി) -300

ലേക് വ്യൂ ഗോൾഡ് (വുഡൻ ഗാലറി) -200

ലോൺ -100

പങ്കെടുക്കുന്ന ക്ലബ്ബുകളും വള്ളങ്ങളും

1. പള്ളാത്തുരുത്തി ബോട്ട് ക്ലബ്(PBC) - മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ
2. കേരള പൊലീസ് ബോട്ട് ക്ലബ്(KPBC)- ചമ്പക്കുളം
3. വേമ്പനാട് ബോട്ട് ക്ലബ്, കുമരകം(KVBC)- പായിപ്പാട്
4. യൂണൈറ്റഡ് ബോട്ട് ക്ലബ് (കൈനകരി(UBC)- കാരിച്ചാൽ
5. ടൗൺ ബോട്ട് ക്ലബ്, കുമരകം(KTBC)- സെന്റ്. പയസ്
6. സമുദ്ര ബോട്ട് ക്ലബ്(SBC)- ജവഹർ തായങ്കരി
7. നിരണം ബോട്ട് ക്ലബ്, നിരണം(NBC)- നിരണം
8. പുന്നമട ബോട്ട് ക്ലബ്, കുമരകം(PBC) വീയപുരം
9. NCDC ബോട്ട് ക്ലബ്, കുമരകം- നടുഭാഗം
10. വില്ലേജ് ബോട്ട് ക്ലബ്, എടത്വ- ദേവസ്
11. ഫ്രീഡം ബോട്ട് ക്ലബ്, കൊല്ലം(FBC)- ചെറുതന
12. കുമരകം ബോട്ട് ക്ലബ്, കുമരകം (KBC)-ആയാപറമ്പ് പാണ്ടി
13. ആലപ്പുഴ ടൗൺ ബോട്ട് ക്ലബ് (ATBC)- സെന്റ്. ജോർജ്
14. വലിയ ദിവാൻ ബോട്ട് ക്ലബ് (VBC)- വലിയദിവാൻ
15. St.ജോൺസ് ബോട്ട് ക്ലബ്, മാങ്കൊമ്പ്(MSBC)- വെള്ളംകുളങ്ങര
16. ടൗൺ ബോട്ട് ക്ലബ്, കുട്ടനാട് (PTBC)- ആലപ്പാടൻ
17. വില്ലേജ് ബോട്ട് ക്ലബ്, കൈനകരി(VBC)- ആനാരി


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K