15 August, 2022 05:11:49 PM


ജനാധിപത്യത്തിന്‍റെ സുസ്ഥിരതയ്ക്ക് ഫെഡറലിസം അത്യന്താപേക്ഷിതം - മന്ത്രി കെ. കൃഷ്ണന്‍കുട്ടി



പാലക്കാട്: ഇന്ത്യപോലെ വിശാലവും വൈവിധ്യ പൂര്‍ണവുമായ ഒരു രാജ്യത്ത് ജനാധിപത്യത്തിന്‍റെ സുഗമവും സുസ്ഥിരവുമായ പ്രവര്‍ത്തനത്തിന് ഫെഡറലിസം അത്യന്താപേക്ഷിതമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. ഫെഡറല്‍ സംവിധാനത്തിന്‍റെ ആരോഗ്യകരമായ നിലനില്‍പ്പ് അപകടത്തിലാകുന്നതിനെതിരെ നാം ജാഗരൂകരാകണം. പാലക്കാട് കോട്ടമൈതാനത്ത് നടന്ന 75 -ാമത് സ്വാതന്ത്ര വാര്‍ഷികാഘോഷ പരേഡില്‍ സല്യൂട്ട് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഭരണഘടനാ മൂല്യങ്ങളായ രാഷ്ട്രത്തിന്‍റെ പരമാധികാരം-സ്വാതന്ത്ര്യം-ജനാധിപത്യം-മതനിരപേക്ഷത-സോഷ്യലിസം എന്നിവ സംരക്ഷിക്കേണ്ടതിന്‍റെ ഓര്‍മ്മപ്പെടുത്തലാണ് സ്വാതന്ത്ര്യദിനാഘോഷമെന്നും മന്ത്രി പറഞ്ഞു. 

സ്വതന്ത്ര ജനാധിപത്യ രാഷ്ട്രമെന്ന നിലയില്‍ 75 സംവത്സരങ്ങള്‍ പൂര്‍ത്തിയാക്കി 76-ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്.  രാജ്യത്തിന്‍റെ ഐക്യവും സുരക്ഷയും നിലനിര്‍ത്താന്‍ നാം ജാഗ്രത പുലര്‍ത്തണം. സ്വതന്ത്ര ഭാരതത്തിനായി പ്രയത്‌നിക്കുകയും ജീവന്‍ബലി നല്‍കുകയും ചെയ്ത ധീര സ്വാതന്ത്ര്യ സമര സേനാനികളെയും രാജ്യത്തിന്‍റെ രക്ഷയ്ക്കായി വീരമൃത്യു വരിച്ച വിവിധ സേനാ അംഗങ്ങളെയും  ആദരവോടെ സ്മരിക്കുന്നതായും മന്ത്രി പറഞ്ഞു. അറിയപ്പെടാത്ത അനേക ലക്ഷം സമര പോരാളികളുടെ നിസ്വാര്‍ത്ഥവും, ത്യാഗ സമ്പൂര്‍ണ്ണവും സമര്‍പ്പണ മനോഭാവത്തോടുകൂടിയുള്ള സമരങ്ങളുടെ സംഭാവന കൂടിയാണ് സ്വാതന്ത്ര്യം. പത്രത്താളുകളില്‍  ഇടം പിടിക്കാത്ത നിസ്വാര്‍ത്ഥരായ സമര പോരാളികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും മന്ത്രി പറഞ്ഞു.


രാജ്യത്തിന്‍റെ സ്വാതന്ത്ര്യം കാത്ത് സൂക്ഷിക്കാന്‍ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ജവാന്മാരുടെ അര്‍പ്പണ മനോഭാവത്തോടെയുള്ള  സേവനവും കര്‍മ്മനിരതയും മാതൃകാപരമാണ്. ജീവന്‍ തൃണവത്ക്കരിച്ച് നിസ്വാര്‍ത്ഥ സേവനമനുഷ്ഠിക്കുന്ന രാഷ്ട്രത്തിന്‍റെ അഭിമാനമായ  സേനാംഗങ്ങള്‍ക്ക്  മന്ത്രി അഭിവാദ്യം അര്‍പ്പിച്ചു. ദാരിദ്ര്യം-പട്ടിണി-രോഗം എന്നിവയില്‍  നിന്നും മുക്തമായ മെച്ചപ്പെട്ട ജീവിതമാണ്  നാം കാണുന്ന സ്വപ്നം. ജീവിക്കാനുള്ള അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, പാര്‍പ്പിടം, വിദ്യാഭ്യാസം, തൊഴില്‍, സാംസ്‌കാരിക വികസനം എന്നിവ ലഭ്യമാക്കുന്നതില്‍ കേരളത്തിന് മികച്ച മുന്നേറ്റം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്.

രാജ്യത്തിന്‍റെ ജനസംഖ്യയിലെ 70 ശതമാനവും ഗ്രാമങ്ങളില്‍ താമസിക്കുന്നവരും പ്രധാന ഉപജീവന മേഖല കാര്‍ഷിക വൃത്തിയാണ്. കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിലും ഭക്ഷ്യ ക്ഷാമം അനുഭവിക്കാതെ  സംരക്ഷിച്ചത് നമ്മുടെ കര്‍ഷകമേഖലയിലുള്ളവരാണ്. കാലാവസ്ഥ വ്യതിയാനവും, വില തകര്‍ച്ചയും കോവിഡ് കാലത്തെ തിരിച്ചടികളും ഈ മേഖലയിലേക്കുളള കോര്‍പ്പറേറ്റുകളുടെ കടന്നു കയറ്റവും കര്‍ഷക ആത്മഹത്യകളുടെ എണ്ണം കൂട്ടുന്നു. മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളുടെ ലാഭത്തിന്റെ ഒരു വിഹിതം കര്‍ഷകര്‍ക്ക് അവകാശപ്പെട്ടതാണ്. പണപ്പെരുപ്പത്തെ അടിസ്ഥാനമാക്കി താങ്ങുവില നിശ്ചയിക്കുന്നതിനുള്ള വ്യവസ്ഥ നിയമ പരിരക്ഷയോടെ നടപ്പാക്കേണ്ടതാണ്. സംസ്ഥാനത്ത് കെ.എസ്.ഇ.ബിയെ  സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിലൂടെ വൈദ്യുതി മേഖലയെ മെച്ചപ്പെട്ട നിലവാരത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വൈദ്യുതി വിതരണ രംഗത്ത് സ്വകാര്യ കുത്തകകളുടെ അനിയന്ത്രിതമായ കടന്നുകയറ്റത്താല്‍ സാധാരണക്കാര്‍ക്കുള്ള ആനുകൂല്യം ലഭിക്കാത്ത സ്ഥിതി ഉണ്ടാകാന്‍ പാടില്ല.

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്ങും പവര്‍കട്ടുമില്ലാത്ത ആറ്  വര്‍ഷമായിരുന്നു കടന്നു പോയത് അത് തുടരും.  വൈദ്യുതി ഉത്പാദന രംഗത്ത് സംസ്ഥാനത്തെ സ്വയം പര്യാപ്തതയില്‍ എത്തിക്കാനുള്ള പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നു. പരിസ്ഥിതിയ്ക്ക് ദോഷം വരുത്താതെ, പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകള്‍ പരമാവധി ഉപയോഗപ്പെടുത്തി സംസ്ഥാനത്ത് ലഭ്യമായുള്ള ജലസമ്പത്ത് പരമാവധി ഉപയോഗിച്ച വൈദ്യുതി ഉത്പാദന മേഖല ശക്തിപ്പെടുത്തും. നിലവിലുള്ള ജല സംഭരണി ഉപയോഗപ്പെടുത്തി ഇടുക്കി രണ്ടാം നിലയവും മൂഴിയാര്‍ രണ്ടാം നിലയവും സ്ഥാപിക്കും. ഉള്‍ക്കാടുകളില്‍ താമസിക്കുന്ന ആദിവാസി സമൂഹത്തിന് വൈദ്യുതി എത്തിച്ച്,  പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ  വികസനത്തിന്റെ പാതയിലെക്കെത്തിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ  പൊതുമേഖലയില്‍ നിലനിര്‍ത്തി രാജ്യത്തിനാകെ മാതൃകയാകുന്ന പ്രവര്‍ത്തനം കാഴ്ചവെയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 387.5 മെഗാവാട്ട് അധിക സ്ഥാപിത ശേഷി കൈവരിക്കാന്‍ സാധിച്ചു. വരുന്ന അഞ്ചുവര്‍ഷം കൊണ്ട് 3000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയാണ് ലക്ഷ്യം.


യുവാക്കള്‍ ആധുനിക സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുവാന്‍ പരിശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. നാടിന്റെ ഭാവി യുവാക്കളിലാണ്,  യുവതലമുറ നാടിന്റെ ഉന്നമനത്തിനായി മുന്നോട്ട് വരണം. സ്റ്റാര്‍ട്ടപ്പ് പോലുളള പുതിയ സംരഭങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ എല്ലാ വിധ പ്രോത്സാഹനങ്ങളും സഹായങ്ങളും നല്‍കി കൊണ്ടിരിക്കുകയാണ്. അവ പ്രയോജനപ്പെടുത്തി പുതിയ വ്യാവസായിക വികസനത്തില്‍ പങ്കാളിയാകണം. ലോകം ശ്രദ്ധിച്ച കേരളത്തിന്റെ വികസന മാതൃകയായ ജനകീയാസൂത്രണ പ്രസ്ഥാനം രജതജൂബിലി നിറവിലാണ്. ജനങ്ങളുടെ പങ്കാളിത്തവും പിന്തുണയും ഉറപ്പാക്കി വികസനം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജനകീയാസൂത്രണ പ്രസ്ഥാനം മുന്നോട്ട് പോകുന്നത്.

ആസൂത്രണ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണം. പുതിയ അറിവുകളും സാങ്കേതിക വിദ്യയും നാടിന്റെ  വികസനത്തിനായി ഉപയോഗപ്പെടുത്താന്‍  കഴിയണം. നവമാധ്യമങ്ങളുടെ സാധ്യതയും പരമാവധി ഉപയോഗപ്പെടുത്തണം. വീടുകളില്‍ ഇരുന്ന് തന്നെ സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നത് മികച്ച പ്രതികരണമാണ് ഉണ്ടാക്കുക. സംസ്ഥാനത്തിന്റെ ശ്രദ്ധേയമായ നേട്ടം കുടുംബശ്രീയുടെ രൂപീകരണവും വളര്‍ച്ചയുമാണ്. തദ്ദേശ ഭരണസ്ഥാപനങ്ങളോടൊപ്പം സ്ത്രീകളുടെ ഉന്നമനത്തിനം- ദാരിദ്ര്യം ഇല്ലാതാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന  വലിയ സ്വയംസഹായ സ്ഥാപനമായി കുടുംബശ്രീ ഉയര്‍ന്നു. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമായി കേരളത്തിന് മാറാന്‍ കഴിഞ്ഞതില്‍ അധികാര വികേന്ദ്രീകരണം സുപ്രധാന ഘടകമാണ്.

20 ലക്ഷംപേര്‍ക്ക് തൊഴില്‍ എന്ന ലക്ഷ്യത്തിനായി സര്‍വേ നടത്തി 10.45 ലക്ഷം പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. വണ്‍ ഡിസ്ട്രിക്ട് വണ്‍ ഐഡിയ എന്ന പരിപാടിയില്‍ സൂക്ഷ്മ, ഇടത്തരം, ചെറുകിട സംരംഭങ്ങളുടെ 58 ഇന്നൊവേഷന്‍ ക്ലസ്റ്ററുകള്‍ രൂപീകരിച്ചു. ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളിലായി 29 ലക്ഷം ചതുരശ്രയടി സൗകര്യങ്ങള്‍ നിര്‍മാണത്തിലാണ്. കെ - ഫോണിന്റെ പശ്ചാത്തല സൗകര്യ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. വിവിധ ജില്ലകളിലായി 20,000ത്തിലധികം ഓഫീസുകളില്‍ നെറ്റ്വര്‍ക്ക് സ്ഥാപിച്ചു. 140 മണ്ഡലത്തിലും ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട 100 കുടുംബത്തിനു വീതം സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. 

മൂല്യവര്‍ധിത റബര്‍ ഉത്പന്നങ്ങളുടെ പ്രോത്സാഹനത്തിനായി കേരള റബര്‍ ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചു. കേന്ദ്രം വിറ്റ വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറി ഏറ്റെടുത്ത് കെ.പി.പി.എല്‍ കമ്പനി രൂപീകരിച്ചു.  കാര്‍ഷിക രംഗത്ത് വിവര സാങ്കേതിക വിദ്യയുടെ ഉപയോഗം,  പുതിയ സാങ്കേതിക വിദ്യ, ജലസേചനത്തിന് ആധുനിക സംവിധാനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ തുടങ്ങിയിട്ടുണ്ട്. കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ സാധ്യതകള്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. നാണ്യ വിളയില്‍ മൈക്രോ ഇറിഗേഷന്‍ സമ്പ്രദായം സ്വീകരിക്കുന്നത് വിള വര്‍ധനവിന് സഹായിക്കുമെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ മൈക്രോ ഇറിഗേഷന്‍ സമ്പ്രദായം രീതിയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. പി.എം കുസും പദ്ധതി നടപ്പാക്കി നാണ്യ വിളകള്‍ക്കും സൗരോര്‍ജ്ജ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന പമ്പുകള്‍ ഉപയോഗിച്ച് ജലസേചന സൗകര്യത്തോടൊപ്പം കര്‍ഷകര്‍ക്ക് അധികവരുമാനം ലക്ഷ്യമിടുന്നു. അതോടൊപ്പംതന്നെ പാല്‍ ഉള്‍പ്പെടെയുള്ള കാര്‍ഷികോത്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കണം.

ഇന്ന് നാം നേരിടുന്ന പ്രധാന വെല്ലുവിളി കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങളാണ്. തുടര്‍ച്ചയായ രണ്ട് കാലവര്‍ഷം നാം നേരിട്ടു. വീണ്ടുമൊരു വെള്ളപ്പൊക്കമുണ്ടായാല്‍, അതിനെ പ്രതിരോധിക്കുന്നതിനും നമ്മള്‍ സജ്ജരായിക്കഴിഞ്ഞു. പ്രളയ പ്രതിരോധത്തിനായി ഡാമുകള്‍ അത്യന്താപേക്ഷിതമാണ്. ഇതിനായി പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയല്‍ ഡാമുകള്‍ നിര്‍മ്മിക്കപ്പെടണം ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ പിന്തുണയും സഹകരണവും അത്യാവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പാലക്കാട് കോട്ടമൈതാനത്ത നടന്ന പരിപാടിയില്‍ എം.പി വി.കെ ശ്രീകണ്ഠന്‍, എം.എല്‍.എ ഷാഫി പറമ്പില്‍, പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രിയാ അജയന്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ജില്ലാ പോലീസ് മേധാവി ആര്‍.വിശ്വനാഥ്, എ.ഡി.എം കെ. മണികണ്ഠന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.പി റീത്ത, എന്നിവര്‍ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K