15 August, 2022 02:55:26 PM
സിപിഎം നേതാവ് ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരെന്ന് എഫ്ഐആര്‍
പാലക്കാട്: സിപിഎം പ്രാദേശിക നേതാവ് ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെന്ന് എഫ്ഐആര്‍. കൊലയ്ക്ക് കാരണം രാഷ്ട്രീയ വിരോധമാണ്. ഇയാളുടെ കാലിനും തലയ്ക്കും മാരകമായി വെട്ടേറ്റിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകം നടത്തിയ എട്ടുപേരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പാലക്കാട് എസ്പി ആര്.വിശ്വനാഥ് പറഞ്ഞു. നേരത്തേ കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ടവർ ഉള്‍പ്പെടെയുള്ളവരാണ് കേസിലെ പ്രതികൾ.
അതേസമയം, സിപിഎം നേതാവായ ഷാജഹാനെ കൊലപ്പെടുത്തിയത് പാര്‍ട്ടിക്കാരാണെന്നു ദൃക്സാക്ഷി സുരേഷ് നേരത്തെ. വെളിപ്പെടുത്തിയിരുന്നു. എട്ട് പേരടങ്ങുന്ന സംഘമാണ് കൊല നടത്തിയത്. പ്രദേശത്തെ സിപിഎം പ്രവര്‍ത്തരായ ശബരിയും അനീഷുമാണ് ഷാജഹാനെ വെട്ടിയതെന്നാണ് വെളിപ്പെടുത്തല്‍. ഇയാളുടെ കഴുത്തിനും കാലിനും വെട്ടേറ്റു. തടയാന്‍ ശ്രമിച്ചപ്പോള്‍ തനിക്കു നേരെയും വാള് വീശിയെന്നും സുരേഷ് പറഞ്ഞു.
ഇന്നലെ രാത്രി 9.15ന് മലമ്പുഴ കുന്നംങ്കാട് ജംഗ്ഷനില്‍വച്ചാണ് സംഭവം. കടയില്‍ സാധനം വാങ്ങാന്‍ നിന്ന ഷാജഹാനെ രണ്ടു ബൈക്കിലെത്തിയ സംഘം വെട്ടിവീഴ്ത്തുകയായിരുന്നു. അക്രമിസംഘം മടങ്ങിയതിന് തൊട്ടുപിന്നാലെ സുരേഷിന്റെ നേതൃത്വത്തിലാണ് ഷാജഹാനെ ആശുപത്രിയില്‍ എത്തിച്ചത്. അതേസമയം സംഭവത്തിന് പിന്നില്‍ ആര്‍എസ്എസാണെന്നാണ് സിപിഎം ആരോപിക്കുന്നത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് മരുതറോഡ് പഞ്ചായത്തില്‍ ഇന്ന് സിപിഎം ഹര്‍ത്താലാണ്.