10 August, 2022 11:52:14 AM
അയയിൽ നിന്ന് തുണി എടുക്കുന്നതിനിടെ വീട്ടമ്മ വൈദ്യുതാഘാതമേറ്റ് മരിച്ചു
പാലക്കാട്: വീടിനുമുന്നിലുള്ള അയയിൽ നിന്നും ഉണങ്ങിയ വസ്ത്രങ്ങൾ എടുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വീട്ടമ്മ മരിച്ചു. വടവന്നൂർ തുമ്പിക്കാട്ടിൽ തങ്കമണി (61)യാണ് ഷോക്കേറ്റ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. പരിസരവാസികളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വടവന്നൂർ വൈദ്യുതി സെക്ഷൻ അസിസ്റ്റന്‍റ് എൻജിനീയറുടെ നേതൃത്വത്തിൽ ജീവനക്കാർ സ്ഥലത്തെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചു.
ഇലക്‌ട്രിക്കൽ ഇൻസ്‌പെക്ടർ ഉൾപ്പെടെയുള്ളവർ ബുധനാഴ്ച സ്ഥലത്തെത്തി കൂടുതൽ പരിശോധന നടത്തും. ഇരുമ്പ് കഴുക്കോലുകളിൽ നിർമിച്ച വീട്ടിൽ പൊട്ടിയ വയറുകളിലുണ്ടായ വൈദ്യുതിപ്രസരണം അയയിലേക്ക് പ്രവഹിച്ചതാകാം അപകടകാരണമെന്നാണ് വൈദ്യുതിവകുപ്പ് സംശയിക്കുന്നത്. തങ്കമണിയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടതിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മക്കൾ: ഉണ്ണിക്കൃഷ്ണൻ, സുമതി. മരുമക്കൾ: ഗ്രീഷ്മ, മണികണ്ഠൻ.