08 August, 2022 08:07:22 PM


റേഷനരി കടത്ത്: ഒഴലപ്പതിയിലെ സ്വകാര്യമില്ലില്‍ നിന്ന് റേഷനരിയും ഗോതമ്പും പിടിച്ചെടുത്തു



പാലക്കാട്: ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങള്‍ വഴി റേഷനരി വ്യാപകമായി കടത്തുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 1623 കിലോ ഗ്രാം അരിയും 59 കിലോ ഗ്രാം ഗോതമ്പും പിടിച്ചെടുത്തു. ചിറ്റൂര്‍ താലൂക്കിലെ വടകരപ്പതി പഞ്ചായത്തിലെ ഒഴലപ്പതിയില്‍ അടഞ്ഞുകിടക്കുന്ന സ്വകാര്യ മില്ലില്‍നിന്നുമാണ് ആവശ്യമായ രേഖകളില്ലാതെയും കൃത്യമായ അളവോ തൂക്കമോ കൂടാതെയും 29 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 1623 കിലോ ഗ്രാം അരിയും ഒരു ചാക്കില്‍ സൂക്ഷിച്ചിരുന്ന 59 കിലോ ഗ്രാം ഗോതമ്പും പിടിച്ചെടുത്തത്.  

അരിക്കടത്തുമായി ബന്ധപ്പെട്ട് നിരവധി പരാതികളും വാര്‍ത്തകളും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സ്‌പെഷല്‍ സ്‌ക്വാഡ് രൂപീകരിച്ച് വ്യാപക പരിശോധന നടത്തുന്നതിന്റെ ഭാഗമായി പാലക്കാട്, ചിറ്റൂര്‍ താലൂക്കുകളിലെ തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലും താലൂക്കിലെ മറ്റു മേഖലകളിലുമാണ് പരിശോധന നടത്തുന്നത്. പിടിച്ചെടുത്ത സാധനങ്ങള്‍ ജില്ലാ കലക്ടറുടെ ഉത്തരവ് ഉണ്ടാകുന്നത് വരെ കൊഴിഞ്ഞാമ്പാറയില്‍ സ്ഥിതി ചെയ്യുന്ന സപ്ലൈകോയുടെ എന്‍.എഫ്.എസ്.എ. ഗോഡൗണിലേക്ക് മാറ്റി. പഞ്ചായത്ത് ലൈസന്‍സ്, എഫ്.എസ്.എസ്.എ. ലൈസന്‍സ് എന്നിവ ഇല്ലാതെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്ന് പരിശോധനയില്‍ വ്യക്തമായി. പിടിച്ചെടുത്ത അരിയും ഗോതമ്പും പൊതുവിതരണ ശൃംഖല വഴി വിറ്റഴിച്ച് തുക സര്‍ക്കാരിലേക്ക് മുതല്‍കെട്ടും.

ചിറ്റൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ എ.എസ്. ബീന, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ കെ. ശിവദാസ്, കെ. ആണ്ടവന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളിലും തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളിലും ജില്ലയിലെ മറ്റ് മേഖലകളിലും വ്യാപകമായ പരിശോധന തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K