08 August, 2022 01:09:09 PM
ഇടുക്കി ഡാമിന്‍റെ മൂന്ന് ഷട്ടറുകൾ കൂടി ഉയർത്തി; അപകട സാധ്യതയില്ലെന്ന് അധികൃതർ
തൊടുപുഴ: ഇടുക്കി ഡാമിന്‍റെ മൂന്ന് ഷട്ടറുകൾ കൂടി ഉയർത്തി. അണക്കെട്ടിലെ വെള്ളത്തിന്‍റെ അളവ് വർധിക്കുന്നതിനാലാണ് 3 ഷട്ടറുകൾ 80 സെൻ്റിമീറ്റർ വീതം ഉയർത്തി. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായിരിക്കുകയാണ്. പെരിയാറിൻ്റെ തീരത്ത് താമസിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ അപകടസാധ്യതയില്ലെന്നാണ് അധികൃതർ അറിയിക്കുന്നത്.
നേരത്തെ ഷട്ടറുകൾ 60 സെൻ്റിമീറ്റർ ഉയർത്താനായിരുന്നു തീരുമാനം. എന്നാൽ, നീരൊഴുക്ക് വർധിച്ചതിനാൽ 80 സെൻ്റിമീറ്റർ ഉയർത്തുകയായിരുന്നു. ഡാമിൻ്റെ 2, 3, 4 ഷട്ടറുകളാണ് ഉയർത്തിയിട്ടുള്ളത്. 150 ക്യുമക്സ് ജലം അണക്കെട്ടിൽ നിന്ന് പുറത്തേക്കൊഴുകുന്നുണ്ട്. ഉച്ചയോടെ 200 ക്യുമക്സ് ജലം പുറത്തുവിടും. 2385.45 അടിയാണ് നിലവിൽ അണക്കെട്ടിലെ ജലനിരപ്പ്. ഇടുക്കി, കഞ്ഞിക്കുഴി, ഉപ്പുതോട്, തങ്കമണി, വാത്തിക്കുടി എന്നീ അഞ്ച് വില്ലേജുകളിലും, വാഴത്തോപ്പ്, മരിയാപുരം തുടങ്ങിയ പഞ്ചായത്തുകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.