04 August, 2022 11:42:17 PM


മുല്ലപ്പെരിയാർ ഡാം നാളെ രാവിലെ തുറന്നേക്കും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി കളക്ടർ



തൊടുപുഴ : മുല്ലപ്പെരിയാർ അണക്കെട്ട് വെള്ളിയാഴ്ച രാവിലെ തുറന്നേക്കും. രാവിലെ 10 മണി മുതൽ വെള്ളം സ്പിൽവേയിലൂടെ പുറത്തേക്ക് ഒഴുക്കുമെന്നും പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് അപ്ഡേറ്റ് ചെയ്യുന്നതാണെന്നും തമിഴ്നാട് സർക്കാർ ഇടുക്കി ജില്ലാ ഭരണകൂടത്തെ അറിയിച്ചു. മുല്ലപ്പെരിയാർ വെള്ളം സ്പിൽവേയിലൂടെ ഒഴുക്കിവിടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കലക്ടർ മുന്നറിയിപ്പ് നൽകി.

അണക്കെട്ടിലെ ജലനിരപ്പ് 136 അടി പിന്നിട്ടിരുന്നു. 6592 ക്യുസെക്സ് ആണ് നിലവിലെ നീരൊഴുക്ക്. ഇതു തുടർന്നാൽ വെള്ളിയാഴ്ച റൂൾകർവ് ലെവലായ 137.5 അടിയിലെത്തും. റൂൾ കർവ് പ്രകാരം 137.1 അടിയാണ് പരമാവധി സംഭരിക്കാൻ അനുമതിയുള്ള ജലനിരപ്പ്. ജലനിരപ്പ് 136 അടിയിലെത്തിയതിനെ തുടർന്ന് തമിഴ്നാട് ആദ്യഘട്ട മുന്നറിയിപ്പ് നൽകിയിരുന്നു. അധിക ജലം കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയിലാണ് തമിഴ്നാട്. വൈഗ അണക്കെട്ട് നിറഞ്ഞതിനാൽ തുറന്നുവിട്ടിരിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K