27 July, 2022 11:44:32 AM


നമ്പർ പറയാതെ മാറ്റിവെച്ച ടിക്കറ്റിന് 75 ലക്ഷം: വിശ്വസിക്കാനാകാതെ സന്ധ്യമോൾ; താരമായി സാജന്‍



തൊടുപുഴ: നമ്പര്‍പോലും അറിയാത്ത ലോട്ടറി ടിക്കറ്റിന്‌ ഒന്നാം സമ്മാനമടിച്ചതിന്‍റെ അമ്പരപ്പില്‍ സന്ധ്യമോൾ. പെങ്ങൾക്ക് എടുത്തുവെച്ച ടിക്കറ്റിനാണ് ഇന്നത്തെ ലോട്ടറിയുടെ ഒന്നാം സമ്മാനമെന്ന് കാഞ്ഞിരമറ്റം വെട്ടികാട് ലക്കി സെന്‍റർ ഉടമ സാജൻ തോമസ് വിളിച്ചറിയിച്ചതറിഞ്ഞ് ഓട്ടോറിക്ഷയും പിടിച്ച് പായുമ്പോഴും സന്ധ്യമോൾക്ക് അത് വിശ്വാസം വന്നിരുന്നില്ല. കടയിൽ കാത്തു നിന്നവർക്കിടയിലൂടെ തനിക്കടിച്ച ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് സാജൻ ഉയർത്തി കാണിക്കുമ്പോഴും സത്യമാണെന്ന് വിശ്വസിക്കാൻപോലും കഴിയാത്ത അവസ്ഥയിലായിരുന്നു അവർ.

ഒരു സെറ്റ് ടിക്കറ്റ് രാവിലെ എടുത്തുവെച്ചിട്ടുണ്ടെന്ന് പറയുകയും നമ്പർപോലും അറിയാത്ത ആ ടിക്കറ്റിന് ഒന്നാം സമ്മാനമടിക്കുകയും ചെയ്താൽ ആരും അമ്പരന്നു പോകും. കൈവന്ന ഭാഗ്യം രണ്ടാമതൊരു ചിന്തയ്ക്കും ഇടകൊടുക്കാതെ അതിന്‍റെ യഥാർത്ഥ ഉടമയ്ക്കു തന്നെ കൈമാറിയ സാജൻ തോമസാണ് യഥാർത്ഥ താരം. ചൊവ്വാഴ്ച നറുക്കെടുത്ത സ്ത്രീ ശക്തി ലോട്ടറിയുടെ എസ് ഡി 211059 എന്ന നമ്പരിനായിരുന്നു 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം.

കുമാരമംഗലം വില്ലേജ് ഇന്‍റർനാഷണൽ സ്‌കൂളിലെ ഹെൽത്ത് നഴ്‌സാണ് കെ ജി സന്ധ്യമോൾ. മൂന്നുമാസം മുൻപ് തൊട്ടടുത്ത സ്ഥാപനത്തിൽ വന്നപ്പോഴാണ് ചില്ലറയുടെ ആവശ്യത്തിന് ലോട്ടറി കടയിലെത്തി കാഞ്ഞിരമറ്റം സ്വദേശിയായ സാജനെ പരിചയപ്പെട്ടത്. അന്നുമുതൽ സഹോദരബന്ധമാണ് ഇരുവർക്കുമിടയിലും. ടിക്കറ്റെടുക്കുന്ന ശീലമില്ലെങ്കിലും, ഇടയ്ക്ക് ഒരുസെറ്റ് ടിക്കറ്റ് എടുത്തുവെച്ചിട്ടുണ്ടെന്ന സാജന്‍റെ അറിയിപ്പുകളെ സന്ധ്യമോൾ അവഗണിച്ചിരുന്നില്ല. അടിച്ചാലും ഇല്ലെങ്കിലും ടിക്കറ്റിന്‍റെ പണം കൃത്യമായിനൽകും. ചൊവ്വാഴ്ചയും ഇത്തരമൊരു അറിയിപ്പ് ഫോണിലെത്തുമ്പോൾ അത് തന്നെ ലക്ഷാധിപതിയാക്കുമെന്നൊന്നും അറിഞ്ഞില്ല. തിരക്കിനിടയിൽ നമ്പർ എതാണെന്നു കേൾക്കാനുള്ള സാവകാശമുണ്ടായില്ല.

ഒന്നാം സമ്മാനം തന്‍റെ കടയിലാണെന്ന് തൊടുപുഴ മഞ്ജു ലക്കി സെന്ററിൽനിന്നാണ് സാജനെ വിളിച്ചറിയിച്ചത്. മാറ്റിവെച്ച ആ 12 ടിക്കറ്റുകളിലൊന്നിനാണ് സമ്മാനമെന്ന് കണ്ട് ഒരു സെക്കൻഡ് പോലും വൈകാതെ സന്ധ്യമോളെ സന്തോഷമറിയിച്ചു. നഗരസഭ കൗൺസിലർ ജിതേഷിന്റെയും മറ്റുള്ളവരുടെയും സാന്നിധ്യത്തിൽ ടിക്കറ്റ് അവർക്ക് കൈമാറി. മറ്റ് 11 ടിക്കറ്റുകൾക്ക് സമാശ്വാസ സമ്മാനവും ലഭിക്കും. സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ പാലാ റോഡ് ശാഖയിലെത്തി സന്ധ്യമോൾ ടിക്കറ്റ് കൈമാറി. കോട്ടയം മാന്നാനം കുരിയാറ്റേൽ ശിവൻനാഥിന്‍റെ ഭാര്യയാണ്. അവന്തിക, അരിഹന്ത് എന്നിവരാണ് മക്കൾ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K