24 July, 2022 03:00:58 PM


ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ കോണ്‍ഗ്രസ്



ആലപ്പുഴ: ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീരാം വെങ്കിട്ടരാമനെ  നിയമിച്ചതിൽ കോൺഗ്രസിന് അതൃപ്‌തി. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീ റാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെതിരെയാണ് പ്രതിഷേധം. കളങ്കിതനായ വ്യക്തിയുടെ നിയമനം അംഗീകരിക്കാനാവില്ലെന്ന് കെ പി സി സി ജനറൽ സെക്രട്ടറി എ എ ഷുക്കൂർ വ്യക്തമാക്കി.

ആലപ്പുഴ പോലെ രാഷ്ട്രീയ പ്രശ്നങ്ങളുള്ള സ്ഥലത്ത്,  ക്വട്ടേഷൻ സംഘങ്ങളുടെയും, മയക്കുമരുന്ന്  മാഫിയ സംഘങ്ങളുടെയും പ്രവർത്തനങ്ങളെ അതിശക്തമായി അടിച്ചമർത്തേണ്ട ഒരു കാലഘട്ടത്തില്‍ ഭയാശങ്കയിലൂടെയാണ് ജനങ്ങൾ കടന്നുപോകുന്നത്. വർഗീയതയുടെ പേരിലുള്ള കൊലപാതകങ്ങൾ തുടങ്ങി സങ്കീർണമായ പ്രശ്നങ്ങളുള്ള ഒരു ജില്ലയായ ആലപ്പുഴയിൽ എന്നല്ല  മറ്റൊരു ജില്ലകളിലും ഇദ്ദേഹത്തെ നിയമിക്കാൻ പാടുള്ളതല്ല എന്നും ഷുക്കൂർ പറഞ്ഞു.

അദ്ദേഹം ചെയ്ത കാര്യങ്ങൾ ജനമനസുകളിൽ നീറിനിൽക്കുന്നുണ്ട്. ഈ നിയമനം എന്ത് താല്പര്യത്തിന്‍റെ അടിസ്ഥാനത്തിൽ ആണെങ്കിലും പിൻവലിക്കണം. സമരത്തിലേക്ക് പോകണമോ എന്ന് പാർട്ടി തലത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ഷുക്കൂർ മാധ്യമങ്ങളോട് പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K