19 July, 2022 08:04:36 PM


ക്യാപ്റ്റന്‍ ലക്ഷ്മി സെഹ്ഗാളിനെ ആദരിച്ച് പാലക്കാട് ഫ്ളാഷ് മോബ് സംഘടിപ്പിച്ചു



പാലക്കാട്: സ്വാതന്ത്രത്തിന്‍റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന ആസാദികാ അമൃത് മഹോത്സവിന്റെ ഭാഗമായി ജില്ലയിലെ സ്വാതന്ത്രസമര സേനാനിയായ ക്യാപ്റ്റന്‍ ലക്ഷ്മി സെഹ്ഗാളെ ആദരിച്ച് ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു . ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. സ്വാതന്ത്ര സമരത്തില്‍ ക്യാപ്റ്റന്‍ ലക്ഷ്മി സെഹ്ഗാളിന്റെ സംഭാവനകളും ജീവചരിത്രത്തിലെ ഭാഗങ്ങളും ഉള്‍പ്പെടുത്തിയാണ് ഫ്‌ളാഷ്  മോബ് അവതരിപ്പിച്ചത്.

ധീര സമര നായിക, വനിതാകാര്യ മന്ത്രി നിലയില്‍ നിരവധി പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തരുകയും ചെയ്ത ക്യാപ്റ്റന്‍ ലക്ഷ്മി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റില്‍ ചേര്‍ന്ന് രാജ്യസഭയ്ക്കുള്ളില്‍ പാര്‍ട്ടിയെ നിര്‍വചിക്കുകയും ചെയ്തിട്ടുണ്ട്. സ്വാതന്ത്ര സമര ചരിത്രത്തില്‍ സുപ്രധാനമായ സ്ഥാനമാണ് ക്യാപ്റ്റന്‍ ലക്ഷ്മി നിര്‍ഹിച്ചിട്ടുള്ളത്. സ്ത്രീ എന്ന നിലയില്‍ ക്യാപ്റ്റന്‍ ലക്ഷ്മി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കും അഭയാര്‍ത്ഥികള്‍ക്കുമിടയില്‍ നടത്തിയ ഇടപെടലുകള്‍, ദേശീയ പ്രസ്ഥാനം , ശൈശവ വിവാഹം, സാമൂഹ്യ പരിഷ്‌കരണം എന്നിവയെ സൂചിപ്പിച്ച് കൊണ്ടാണ് ഫ്‌ളാഷ്‌മോബ് സംഘടിപ്പിച്ചത്.


സ്വാതന്ത്ര്യ സമരത്തിന്റെ പാതയില്‍ മറഞ്ഞുപോയ ജില്ലയിലെ സ്വാതന്ത്ര്യ സമരസേനാനികളായ ക്യാപ്റ്റന്‍ ലക്ഷ്മി സൈഹ്ഗാള്‍, ചേറ്റൂര്‍ ശങ്കരന്‍ നായര്‍ എന്നിവരെ ആദരിക്കുന്നതിന്റെ ഭാഗമായിട്ടാണ് തെരുവുനാടകം, ഫ്‌ളാഷ് മോബ്, മറ്റ് കലാപരിപാടികള്‍ എന്നിവ അവതരിപ്പിക്കുന്നത് . ഇന്ത്യയിലെ 75 ജില്ലകളാണ് ഇതില്‍ തെരഞ്ഞെടുത്തിട്ടുള്ളത് അതില്‍ കേരളത്തില്‍ നിന്ന് തിരെഞ്ഞടുക്കപ്പെട്ട മൂന്ന് ജില്ലകളില്‍ ഒന്നാണ് പാലക്കാട്.

മേഴ്സി കോളേജിലെ ചരിത്രം,പൊളിറ്റിക്സ് വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് ഫ്‌ളാഷ് മോബ് അവതരിപ്പിച്ചത്. ചരിത്ര വിഭാഗത്തിലെ 14 വിദ്യാര്‍ഥികളാണ് ക്യാപ്റ്റന്‍ ലക്ഷ്മി സൈഗാളിന്റെ ജീവിത ചരിത്രവും, ആത്മകഥയും, സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ പ്രവര്‍ത്തനങ്ങളും കാഴ്ചവെച്ചത്. ക്യാപ്റ്റന്‍ ലക്ഷ്മി സെഹ്ഗാളിന്റെ ചരമ ദിനത്തോടനുബന്ധിച്ച് ജൂലൈ 22ന് മേഴ്സി കോളേജില്‍ എക്സിബിഷനും സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നതില്‍ മുഖ്യ പങ്ക് വഹിക്കുകയും സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കാനും ക്യാപ്റ്റന്‍ ലക്ഷ്മി സെഹ്ഗാളിന് കഴിഞ്ഞു.

സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടന്ന പരിപാടിയില്‍ ജില്ലാ നോഡല്‍ ഓഫീസര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.മധു, എ.അബ്ദുല്‍ ലത്തീഫ് , എം. എം അക്ബര്‍, പി. എ ടോംസ്, മേഴ്‌സി കോളേജ് അധ്യാപകരായ ഷൈനി, ശാന്തി, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K