17 July, 2022 04:45:02 AM
തൂക്കുപാലത്ത് സർവേ ഉദ്യോഗസ്ഥനും സ്ഥലം ഉടമയും തമ്മിൽ സംഘർഷം; മൂന്നു പേർക്ക് പരിക്ക്
നെടുങ്കണ്ടം: തൂക്കുപാലത്ത് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് സർവേനടത്താനെത്തിയ ഉദ്യോഗസ്ഥനും സ്ഥലം ഉടമയും തമ്മിൽ സംഘർഷം. മൂന്നുപേർക്ക് പരിക്കേറ്റു. ഉടുന്പൻചോല താലൂക്ക് സർവേയർ ബിജിൽ വർഗീസ്(40), തൂക്കുപാലം കൊക്കോപ്പള്ളിൽ സലിൻ(57), ഭാര്യ സുജാത(49) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ ബിജിൽ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും മറ്റു രണ്ടുപേർ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. പട്ടംകോളനിയിലെ എച്ച്ആർസി പട്ടയ അപേക്ഷയിൽ പരിശോധന നടത്താൻ ഉടുന്പൻചോല തഹസിൽദാരുടെ നിർദേശപ്രകാരം എത്തിയ തന്നെ സലിൻ ആക്രമിക്കുകയായിരുന്നുവെന്നു സർവേയർ ബിജിൽ പറയുന്നു. സ്ഥലത്തിനു പട്ടയത്തിനു അപേക്ഷ നൽകിയ വ്യക്തിയോടൊപ്പമാണ് സർവേയർ എത്തിയത്.
എന്നാൽ, തന്നെ അറിയിക്കാതെ തന്റെ പട്ടയവസ്തുവിൽ അളവ് നടത്താൻ ശ്രമിച്ചത് ചോദ്യം ചെയ്തതോടെ സർവേയർ ഉൾപ്പടെ മൂന്നുപേർ തന്നെയും ഭാര്യയേയും ആക്രമിക്കുകയായിരുന്നുവെന്ന് സലിൻ പറയുന്നു. സംഭവത്തിൽ ഇരു കക്ഷികളുടെയും പരാതികളിൽ നെടുങ്കണ്ടം പോലീസ് കേസെടുത്തു.