08 July, 2022 08:55:08 PM


കായംകുളത്ത് വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും കവർന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ



കായംകുളം: ഞക്കനാലിൽ കറുകത്തറയിൽ ബഷീറിന്‍റെ വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും കവർന്ന കേസിൽ കുപ്രസിദ്ധ മോഷ്ടാവ് ഉൾപ്പെടെ രണ്ടുപേർ പോലീസ് പിടിയിലായി. കൃഷ്ണപുരം സ്വദേശി സുനിൽ (സ്പൈഡർ സുനിൽ - 44), ഇയാളുടെ കൂട്ടാളി പത്തിയൂർ സ്വദേശി സഫറുദ്ദീൻ (സഫർ - 37) എന്നിവരാണ് പിടിയിലായത്.

വീടിന്‍റെ മുൻവശത്തെ ഡോർ പൊളിച്ച് കിടപ്പുമുറിയിലെ അലമാരയിൽ നിന്നും 20 പവൻ സ്വർണ്ണാഭരണങ്ങളും 5000 രൂപയും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം 25 ന് പുലർച്ചെയായിരുന്നു മോഷണം. കമ്പിപ്പാര ഉപയോഗിച്ച് പ്രധാന വാതിൽ കുത്തിത്തുറന്നാണ് സുനിൽ മോഷണം നടത്തിയത്. വീടിന്‍റെ ഉടമസ്ഥനായ ബഷീർ ചികിത്സക്കായി ആശുപത്രിയിൽ അഡ്മിറ്റായ സമയത്താണ് മോഷണം നടന്നത്. 

സുനിൽ മോഷ്ടിക്കുന്ന സ്വർണ്ണാഭരണങ്ങൾ വിൽക്കുന്നത് രണ്ടാം പ്രതിയായ സഫറാണ്. ഓച്ചിറ പോലീസ് സ്റ്റേഷൻ പരിധിയിൽ വയനകത്തും ഞക്കനാലും കായംകുളം പോലീസ്‌ സ്റ്റേഷൻ പരിധിയിൽ കാപ്പിൽ, മേനാത്തേരി, വള്ളികുന്നം പോലീസ് സ്റ്റേഷൻ പരിധിയിൽ കട്ടച്ചിറ എന്നിവിടങ്ങളിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതായും ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചിട്ടുണ്ട്. വിവിധ പോലീസ് സ്റ്റേഷനുകളിലായി 31 ഓളം വാഹന മോഷണ കേസുകളിൽ പ്രതിയാണ് സ്പൈഡർ സുനിൽ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K