08 July, 2022 08:27:34 PM


മാലിന്യം കത്തിച്ചു; സ്ഥാപനയുടമയില്‍ നിന്ന് പിഴ ഈടാക്കി കണ്ണാടി ഗ്രാമപഞ്ചായത്ത്



കുഴല്‍മന്ദം: പഞ്ചായത്ത് പരിധിയിലെ പൊതുനിരത്തില്‍ പ്ലാസ്റ്റിക് മാലിന്യം കത്തിച്ച സ്വകാര്യ സ്ഥാപനയുടമയ്ക്കെതിരെ നടപടിയെടുത്ത് കണ്ണാടി ഗ്രാമപഞ്ചായത്ത്. കടയുടെ മുന്നില്‍ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട യുവാവ് അത് മൊബൈല്‍ ക്യാമറയില്‍ എടുത്താണ് പഞ്ചായത്തില്‍ അറിയിച്ചത്. പഞ്ചായത്ത് അധികൃതര്‍ ഇയാളില്‍ നിന്നും 7500 രൂപ പിഴ ഇടാക്കി. തുടര്‍ന്നും ഇത്തരം സംഭവം ശ്രദ്ധയില്‍പ്പെട്ടാല്‍ പഞ്ചായത്ത് കടുത്ത നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

മാലിന്യം വലിച്ചെറിയല്‍ കത്തിക്കല്‍ എന്നിവ ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് കണ്ണാടി ഗ്രാമപഞ്ചായത്ത്. സംഭവം പഞ്ചായത്തിനെ അറിയിച്ച യുവാവിന് ഭരണസമിതിയില്‍ പാരിതോഷികം പ്രഖ്യാപിക്കും. പൊതുനിരത്തുകളില്‍ മാലിന്യം വലിച്ചെറിയുന്നതും കത്തിക്കുന്നതും നിരോധിക്കുന്നതിന്റെ ഭാഗമായി പുതിയ നടപടികളുമായി കണ്ണാടി ഗ്രാമപഞ്ചായത്ത് മുന്നോട്ട് വന്നിരുന്നു. പഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലങ്ങളിലോ സ്വകാര്യ സ്ഥലങ്ങളിലോ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതോ കത്തിക്കുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഫോണ്‍ ക്യാമറയില്‍ ഫോട്ടോ, വീഡിയോ രൂപത്തില്‍ എടുത്ത് പഞ്ചായത്ത് അധികൃതരില്‍ എത്തിക്കാനായിരുന്നു പഞ്ചായത്തിന്റെ നിര്‍ദേശം.

ഇത്തരത്തില്‍ എത്തുന്ന ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം പഞ്ചായത്ത് കുറ്റക്കാരില്‍ നിന്നും 25000 രൂപ വരെ പിഴ ഈടാക്കുകയും വിവരം അറിയിക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികവും നല്‍കുമെന്നാണ് പഞ്ചായത്ത് അറിയിച്ചത്. പഞ്ചായത്തിലെ പൊതു നിരത്തുകളില്‍ മാലിന്യ നിക്ഷേപം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് പഞ്ചായത്തിന്റെ നടപടി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K