06 July, 2022 07:07:43 PM


അഞ്ചാം ക്ലാസുകാരിയുമായി 16കാരന്‍ സിനിമാ കാണാനെത്തിയത് മുയലിനെ വിറ്റ കാശുമായി



കണ്ണൂർ: സ്കൂളിലേക്ക് പോയ അഞ്ചാം ക്ലാസുകാരിയുമായി പതിനാറുകാരനായ കാമുകന്‍ സിനിമാ കാണാനെത്തിയത് മുയലിനെ വിറ്റ കാശുമായി. തന്‍റെ കയ്യിലുള്ള മുയലിനെ വിറ്റ് പണം ലഭിച്ചെന്നും കാണാൻ വരുമെന്നും തിരുവനന്തപുരം സ്വദേശിയായ 16കാരൻ കുട്ടിക്ക് ഇൻസ്റ്റാഗ്രാമിൽ മെസേജ് അയച്ചിരുന്നു. ഇൻസ്റ്റാഗ്രാമിലൂടെ തന്നെയാണത്രേ ആദ്യ കൂടിക്കാഴ്ചയുടെ പദ്ധതി രണ്ടുപേരും തയ്യാറാക്കിയത്. 

രാവിലെ സ്കൂളിലേക്കായി വീട്ടില്‍നിന്നിറങ്ങിയ വിദ്യാര്‍ഥിനി ബസിറങ്ങിയശേഷം സ്കൂളിലേക്ക് പോകാതെ മുങ്ങുകയായിരുന്നു. പൊലീസ് നടത്തിയ തെരച്ചിലിലാണ് പെൺകുട്ടിയെ തിയറ്ററിൽനിന്ന് കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. വിദ്യാർഥിനി ക്ലാസിൽ എത്തിയില്ലെന്ന വിവരം അധ്യാപകർ രക്ഷിതാക്കളെ അറിയിച്ചതോടെ വീട്ടുകാർ കുട്ടിയെ കാണാനില്ലെന്ന് കാട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. 

മൊബൈൽഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിക്കപ്പെട്ടത്. കുട്ടി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണിന്‍റെ ലൊക്കേഷൻ നഗരത്തിലെ ഒരു തിയറ്ററിന് സമീപമായിരുന്നു. തുടർന്ന് പൊലീസ് സംഘം തിയറ്ററിലെത്തി നടത്തിയ പരിശോധനയിലാണ് പ്ലസ് വൺ വിദ്യാർഥിയായ സുഹൃത്തിനൊപ്പം പെൺകുട്ടിയെ കണ്ടെത്തിയത്. തുടർന്ന് ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇൻസ്റ്റാഗ്രാം വഴിയാണ് തങ്ങൾ പരിചയപ്പെട്ടതെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു. വിവരം അറിഞ്ഞ് പ്ലസ്‌വണ്‍ വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് വന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K