01 July, 2022 09:55:54 AM
ആലപ്പുഴയിൽ ഇന്ദിരാഗാന്ധി പ്രതിമയുടെ കൈ തകർത്ത നിലയിൽ; പിന്നിൽ ഡിവൈഎഫ്ഐ എന്ന് കെപിസിസി ജനറൽ സെക്രട്ടറി
ആലപ്പുഴ: ഹെഡ് പോസ്റ്റ് ഓഫീസിനു സമീപമുള്ള ഇന്ദിരാഗാന്ധി പ്രതിമയുടെ കൈ അജ്ഞാതർ തകർത്തു. ആക്രമണത്തിനു പിന്നിൽ ഡിവൈഎഫ്ഐ ആണെന്ന് കെപിസിസി ജനറൽ സെക്രട്ടറി എഎ ഷുക്കൂർ ആരോപിച്ചു. സർക്കാരിൻ്റെ പിന്തുണയോടെയാണ് ആക്രമണം നടന്നതെന്നും അദ്ദേഹം പറഞ്ഞു.
"ഇത് അനുവദിച്ചുകൊടുക്കാനാവില്ല. ഇന്നലെ, ആലപ്പുഴ എംഎൽഎയ്ക്കെതിരെ പ്രതിഷേധം നടത്തിയതിന് വൈകുന്നേരം ഖോ ഖോ വിളിയും ഗുണ്ടാവിളയാട്ടം നടത്താനുമുള്ള ഒരു സംഘം തെരുവിലിറങ്ങിയിരുന്നു. അതിൻ്റെ തുടർച്ചയാണ്. ഇതെല്ലാം പിണറായിക്കെതിരായ ആക്ഷേപങ്ങളെയും ആരോപണങ്ങളെയും മറ്റൊരു വഴിക്ക് തിരിച്ചുവിടാൻ, ഇന്ന് രാഹുൽ ഗാന്ധി കേരളം സന്ദർശിക്കുന്ന ദിവസം ബോധപൂർവം കരുതിക്കൂട്ടി ചെയ്ത ആക്രമണമാണ് ഇതെന്ന കാര്യത്തിൽ ഒരു സംശയവുമില്ല."- എഎ ഷുക്കൂർ പറഞ്ഞു.
അതേസമയം, എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ എൽ.ഡി.എഫിനെതിരായ ആസൂത്രിത ഗൂഢാലോചനയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പാർട്ടി ഓഫീസുകളും പാർട്ടി പ്രവർത്തകരുടെ വീടുകളും ആക്രമിക്കാൻ പാടില്ലെന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളും അംഗീകരിച്ച കാര്യമാണ്. അതാണ് ഇപ്പോൾ പരസ്യമായി ലംഘിക്കപ്പെട്ടിരിക്കുന്നത്. കേരളത്തിന്റെ പൊതുസമൂഹം നിരുത്സാഹപ്പെടുത്തേണ്ട സംഭവങ്ങളാണിത്. ഈ പ്രശ്നത്തെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ വളരെ ഗൗരവത്തോടെയാണ് കാണേണ്ടത്. കേരളത്തിൽ ക്രമസമാധാന നില തകർന്നു, എകെജി സെന്ററിന് പോലും രക്ഷയില്ല എന്നൊക്കെ തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. സമാധാനം നിലനിർത്താൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസും ബിജെപിയും ചേർന്ന് നടത്തിയ ആക്രമണമാവാം എകെജി സെന്ററിന് നേരെയുണ്ടായതെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രതികരിച്ചു. പൊലീസ് അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരട്ടെ. അപലപനീയമായ സംഭവമാണിത്. തൃക്കാക്കര തെരഞ്ഞെടുപ്പു മുതൽ കോൺഗ്രസ്- ബിജെപി രഹസ്യ സഖ്യമുണ്ട്. ഏത് പാർട്ടി ഓഫീസിന് നേരെയുള്ള അക്രമവും ഒഴിവാക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാത്രി 11.30 ഓടെയാണ് സംഭവമുണ്ടായത്. എകെജി സെന്ററിന് മുന്നിലെ റോഡിലാണ് സ്ഫോടക വസ്തു വീണത്. വലിയ ശബ്ദം കേട്ട പ്രവർത്തകർ പുറത്തേക്ക് ഓടിയെത്തുകയായിരുന്നു. കന്റോൺമെന്റ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി