27 June, 2022 09:00:33 AM
പന്നിയങ്കര ടോളിൽ 'കൊളള': പ്രക്ഷോഭം തുടരുന്നു; ഇന്നും ടോൾ മുഖത്ത് പ്രതിഷേധ സമരം
വടക്കഞ്ചേരി: പന്നിയങ്കര ടോൾ; സി പി ഐ എം പ്രക്ഷോഭത്തിലേക്ക്. വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാതയിൽ പന്നിയങ്കര ടോൾ പ്ലാസ്സയിൽ ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സി പി ഐ എം വടക്കഞ്ചേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ടോൾ പ്ലാസ്സക്ക് സമീപം പ്രതിഷേധ സമരം നടത്തും. രാവിലെ 10 ന് നടക്കുന്ന പ്രതിഷേധം സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
പന്നിയങ്കര ടോൾ പ്ലാസ്സയിൽ ടോൾ പിരിവ് ആരംഭിച്ച് മൂന്നര മാസം പിന്നിട്ടിട്ടും ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരമായിട്ടില്ല. പ്രദേശവാസികൾക്ക് തിരിച്ചറിയൽ രേഖ കാണിച്ച് ഇപ്പോൾ സൗജന്യ യാത്ര അനുവദിക്കുന്നുണ്ടെങ്കിലും അത് നിർത്തലാക്കാനാണ് കരാർ കമ്പനിയുടെ ശ്രമം. സാധാരണക്കാരായ ജനങ്ങൾ ഏറ്റവും അധികം ആശ്രയിക്കുന്ന സ്വകാര്യ ബസ്സുകളിൽ നിന്നും അമിതമായ ടോൾ നിരക്കാണ് പന്നിയങ്കരയിൽ ഈടാക്കുന്നത്.
നിലവിൽ ഒരു ട്രിപ്പ് ഓടണമെങ്കിൽ ഇരുവശത്തേക്കുമായി 425 രൂപ ടോൾ നല്കണം. ഇത്തരത്തിൽ ഒരു ദിവസം 3 ട്രിപ്പ് വരെ ഓടുന്ന ബസ്സുകൾക്ക് ദിവസം 1275 രൂപ നല്കണം. മാസം 38250 രൂപയാണ് ഒരു ബസ്സ് ഒരു മാസം ടോൾ നല്കേണ്ടത്. ജില്ലയിൽ തന്നെയുള്ള വാളയാർ ടോൾ പ്ലാസ്സയിൽ ഒരു ബസ്സിന് മാസം 2200 രൂപ മാത്രം ടോൾ പിരിക്കുമ്പോഴാണ് പന്നിയങ്കരയിൽ കരാർ കമ്പനിയുടെ പകൽകൊള്ള നടക്കുന്നത്. വാളയാറിനെക്കാൾ 18 ഇരട്ടിയോളം ടോൾ നിരക്കാണ് സ്വകാര്യബസ്സുകളിൽ നിന്നും പന്നിയങ്കരയിൽ ഈടാക്കുന്നത്. ഇത്തരത്തിൽ ബസ്സ് സർവ്വീസ് നടത്താൻ കഴിയില്ലെന്നാണ് ബസ്സുടമകൾ പറയുന്നത്.
അമിത ടോൾ പിരിവിനെതിരെ സ്വകാര്യ ബസ്സുകൾ ഒരു മാസത്തോളം സർവീസ് നിർത്തിവച്ച് പ്രതിഷേധിച്ചിരുന്നു. സ്വകാര്യ ബസ്സുകൾക്ക് ടോൾ കുറച്ച് പൊതുഗതാഗതം സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്. മാത്രമല്ല ഓട്ടോറിക്ഷകളെ ടോളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെങ്കിലും നാല്ചക്രങ്ങളുള്ള ഓട്ടോ കാറുകൾ ടോൾ നല്കിയാണ് സർവ്വീസ് നടത്തുന്നത്.
മാർച്ച് 9 ന് ടോൾ പിരിവ് ആരംഭിക്കുമ്പോൾ തന്നെ ദേശീയ പാതയുടെ പണികൾ പൂർത്തീകരിച്ചിട്ടില്ല. ഇപ്പോഴും ദേശീയപാതയുടെ പണികൾ പൂർത്തീകരിക്കാനുണ്ട്. ഇതിനിടെ ഏപ്രിൽ ഒന്ന് മുതൽ ടോൾ നിരക്ക് 10 മുതൽ 15 ശതമാനം വരെ വർദ്ധിപ്പിച്ച കരാർ കമ്പനിയെക്കിരെ ഹൈക്കോടതി രൂക്ഷമായ വിമർശനമുന്നയിക്കുകയും, കൂട്ടിയ നിരക്ക് കുറക്കാൻ ആവശ്യപ്പെടുകയും ചെയ്തു. നിലവിൽ ബസ്സുടമകളുടെ ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെ ദേശീയപാത നിർമ്മാണം പൂർത്തിയാക്കാത്തതിനെതിരെ കോടതി കരാർ കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്.
ദേശീയപാതയുടെ പണികൾ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ദേശീയപാത അതോരിറ്റി ടോൾ പിരിക്കാൻ കരാർ കമ്പനിക്ക് അനുമതി നല്കുകയായിരുന്നു. കരാർ കമ്പനിയും ദേശീയ പാത അതോരിറ്റിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിലൂടെ വ്യക്തമാകുന്നത്. പന്നിയങ്കരയിലെ ടോൾ വിഷയത്തിൽ പരിഹാരം കാണമെന്ന് ആവശ്യപ്പെട്ട് സി പി ഐ എം വടക്കഞ്ചേരി ഏരിയാ കമ്മിറ്റി നടത്തുന്ന സമരത്തിൽ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉണ്ടാവണമെന്ന് ഏരിയ സെക്രട്ടറി ടി കണ്ണൻ അഭ്യർത്ഥിച്ചു.