25 June, 2022 04:41:43 PM


മുതലമടയില്‍ യുവതിയെ കൊന്ന് കത്തിച്ച കേസില്‍ കുറ്റാരോപിതനെ കോടതി വെറുതെവിട്ടു



പാലക്കാട്: കൊല്ലങ്കോട് മുതലമടയില്‍ യുവതിയെ കൊന്ന് കത്തിച്ച സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ടയാളെ കോടതി വെറുതേവിട്ടു. മുതലമട വലിയചള്ള അച്യുതന്‍ ആചാരിയുടെ മകള്‍ ജ്യോതി(25) കൊല്ലപ്പെട്ട കേസിലാണ് കുറ്റാരോപിതനായ മുതലമട പറയമ്പള്ളം ലക്ഷംവീട് കോളനിയിലെ കെ. ദേവദാസിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതേവിട്ടത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് കാലാംപാഷയാണ് വിധി പറഞ്ഞത്.

2012 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. മുതലമട പറയമ്പ ള്ളത്തെ സ്വകാര്യവ്യക്തിയുടെ തോട്ടത്തിലെ പാറക്കെട്ടുകള്‍ക്കിടയില്‍ മൂന്നുഭാഗത്തായിരുന്നു ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. ദേവദാസും ജ്യോതിയും അടുപ്പത്തിലായിരുന്നതായും ദേവദാസിന്റെ വിവാഹം മുടക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതിന്റെ വൈരാഗ്യത്തിന് കൊലപ്പെടുത്തിയെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. 

കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയശേഷം തെളിവ് നശിപ്പിക്കാന്‍ മൃതദേഹം കത്തിച്ചെന്നാണ് കേസില്‍ പറയുന്നത്.
അന്നത്തെ സിഐ എസ്.പി. സുധീരന്‍, എസ്.ഐ. കെ.സി. വിനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംശയത്തിന്റെ ആനുകൂല്യവും തെളിവുകളുടെ അഭാവവും ചൂണ്ടിക്കാട്ടിയാണ് കേസില്‍ ദേവദാസിനെ കോടതി വെറുതെ വിട്ടത്. പ്രതിഭാഗത്തിനു വേണ്ടി അഡ്വ. എന്‍. രാജേഷ് ഹാജരായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K