19 June, 2022 01:22:49 AM
ജൂലൈ 10 നകം വിദ്യാർഥികളുടെ യാത്രാ കണ്‍സഷന്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കണം
പാലക്കാട്: വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രാ കണ്‍സഷന്‍ കാര്‍ഡ് വിതരണം ജൂലൈ 10 ന് പൂര്‍ത്തിയാക്കണമെന്ന് സ്റ്റുഡന്‍സ് ട്രാവല്‍ ഫെസിലിറ്റി യോഗത്തില്‍ സ്ഥാപന മേധാവികള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി. സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ വിഭാഗങ്ങളിലെ അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അതത് സ്ഥാപന മേധാവികള്‍ നല്‍കുന്ന യാത്രാ കണ്‍സഷന്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ഇളവ് നേടാം.
സ്‌കൈബ്ലൂ കളറില്‍ നിശ്ചിത മാതൃകയിലുള്ള യാത്രാ കണ്‍സഷന്‍ കാര്‍ഡിലെ ഒരു ഭാഗത്ത് സ്ഥാപനം, പഠിക്കുന്ന കോഴ്‌സ്, വിദ്യാര്‍ത്ഥിയുടെ ബോര്‍ഡിംഗ് പോയിന്റ് സംബന്ധിച്ച വിവരങ്ങളും ഓരോ ദിവസത്തെ യാത്ര വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള പട്ടികയും ഉണ്ടായിരിക്കണം. ഹയര്‍ സെക്കന്‍ഡറി, യൂണിവേഴ്‌സിറ്റി, സ്വകാര്യ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രജിസ്റ്റര്‍ ചെയ്ത് ബന്ധപ്പെട്ട സ്ഥാപന മേധാവിക്ക് അപേക്ഷ നല്‍കി റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍, ജോയിന്റ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ മുഖേന വിതരണം ചെയ്യുന്ന യാത്രാ കണ്‍സഷന്‍ കാര്‍ഡ് യാത്രാ ഇളവിന് ഉപയോഗിക്കണം.
പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ സൗജന്യയാത്ര അനുവദിക്കുന്നതാണ്. ഇതിനായി വിദ്യാര്‍ത്ഥികള്‍ കെ.എസ്.ആര്‍.ടി.സിയില്‍ അപേക്ഷ നല്‍കി യാത്രാ കണ്‍സഷന്‍ കാര്‍ഡ് വാങ്ങണമെന്നും അധികൃതര്‍ അറിയിച്ചു. യാത്രാ കണ്‍സഷന്‍ കാര്‍ഡ് കാലാവധി ഒരു വര്‍ഷമായിരിക്കും. കാര്‍ഡില്‍ രേഖപ്പെടുത്തിയ ബോര്‍ഡിങ് പോയിന്റ് പ്രകാരം സ്ഥാപനത്തിലേക്ക് തിരികെയും ദിവസേന ഒരു തവണ മാത്രമാണ് സൗജന്യ യാത്ര അനുവദിക്കുക.
എ.ഡി.എം കെ മണികണ്ഠന്‍ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റുഡന്‍സ് ട്രാവല്‍സ് ഫെസിലിറ്റി യോഗത്തില്‍ വിവിധ സംഘടനാ പ്രതിനിധികള്‍, ആര്‍.ടി.ഒ എന്‍ തങ്കരാജന്‍, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ എം.കെ ജയേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.