18 June, 2022 06:31:29 PM
നേതാക്കളുെടെ സാമ്പത്തിക വെട്ടിപ്പ് വിവാദത്തിൽ നടപടി: പയ്യന്നൂർ സിപിഎമ്മിൽ കലാപം
കണ്ണൂര്‍: ഫണ്ടുവെട്ടിപ്പ് വിവാദത്തെ തുടര്‍ന്ന് സിപിഎം നേതൃത്വം സ്വീകരിച്ച നടപടികൾക്കെതിരേ പയ്യന്നൂര്‍ മേഖലയിലെ പാർട്ടി പ്രവർത്തകർക്കിടയിൽ പ്രതിഷേധം വ്യാപകം. ചിലയിടങ്ങളില്‍ മേല്‍ക്കമ്മിറ്റിയുടെ വിശദീകരണംപോലും തടസപ്പെട്ടു. സിപിഎമ്മിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഏരിയയിലെ ഒരു ലോക്കലിലൊഴികെ മറ്റു ലോക്കലുകളില്‍ നേതൃത്വത്തിന്റെ നടപടികള്‍ക്കെതിരേ പ്രതിഷേധം ഉയരുന്നത്.
പയ്യന്നൂര്‍ സിപിഎമ്മിലെ ചില നേതാക്കള്‍ സാമ്പത്തിക വെട്ടിപ്പ് നടത്തിയെന്ന ആരോപണങ്ങള്‍ സംബന്ധിച്ചുള്ള നടപടിയാണ് വിവാദമായത്. കുറ്റക്കാരെന്ന് കണ്ടെത്തിയ ടി.ഐ. മധുസൂദനന് എംഎല്‍എ, ഏരിയാ കമ്മിറ്റിയംഗമായ ടി.വിശ്വനാഥന്, കെ.കെ.ഗംഗാധരൻ, ഓഫീസ് സെക്രട്ടറി എം.കരുണാകരൻ, മുന്‍ ഏരിയാ സെക്രട്ടറി കെ.പി.മധു എന്നിവര്‍ക്കെതിരെയാണ് നടപടി.
പരാതിക്കാരനെതിരായ നടപടിയിൽ പ്രതിഷേധം
കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തപ്പോള്‍ തെറ്റ് ചൂണ്ടിക്കാണിച്ച ഏരിയാ സെക്രട്ടറി കുഞ്ഞികൃഷ്ണനെ ബലിയാടാക്കിയതിനെതിരേ പാർട്ടിക്കുള്ളിൽ പ്രതിഷേധം ശക്തമാണ്. തീരുമാനങ്ങൾ വിശദീകരിക്കാൻ വ്യാഴാഴ്ച പയ്യന്നൂരില്‍ ചേര്‍ന്ന ഏരിയ കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെ വെള്ളിയാഴ്ച നടന്ന പാർട്ടി യോഗങ്ങളിലും എതിർപ്പ് ഉയർന്നു. കുറ്റക്കാർക്കെതിരേ പാർട്ടി സ്വീകരിച്ച നടപടി കുറഞ്ഞുപോയെന്നും വിമർശനമുണ്ട്.
വെള്ളൂര്‍ നോർത്ത് ലോക്കലില്‍ മേല്‍ക്കമ്മിറ്റി തീരുമാനം റിപ്പോര്‍ട്ടു ചെയ്യാനെത്തിയ പ്രകാശന് മാസ്റ്ററെ തടഞ്ഞതായും വാക്കേറ്റം സംഘര്ഷാവസ്ഥയിലേക്കെത്തിയതായും സൂചനയുണ്ട്. ഇവിടെ മൂന്നു ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജി സന്നദ്ധത അറിയിച്ചതായും പറയുന്നു.
കരിവെള്ളൂർ, കുന്നരു, രാമന്തളി തുടങ്ങി പയ്യന്നൂര്‍ നോര്ത്തിലൊഴികെ മറ്റെല്ലാ ലോക്കലുകളിലും കുഞ്ഞികൃഷ്ണനെതിരെയെടുത്ത നടപടികളില്‍ പ്രതിഷേധം വ്യാപകമാണ്. ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റാനുള്ള തീരുമാനത്തിന് പിന്നാലെ താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് കുഞ്ഞികൃഷ്ണൻ പ്രഖ്യാപിച്ചിരുന്നു.
ധനനഷ്ടമുണ്ടായിട്ടില്ല എന്ന് പാർട്ടി അവകാശപ്പെടുമ്പോഴും ഓഡിറ്റ് ചെയ്ത കണക്കുകൾ പാർട്ടി യോഗങ്ങളിൽ വയ്ക്കാത്തതിനെതിരേയും വിമർശനമുണ്ട്. അതിനിടെ വി.കുഞ്ഞികൃഷ്ണന്റെ ഫോട്ടോയ്ക്കൊപ്പം "സത്യത്തിനായി നിലകൊണ്ട പയ്യന്നൂരിലെ ധീരനായ നേതാവ്' എന്നെഴുതിയ പോസ്റ്റര്‍ സ്റ്റാറ്റസാക്കിയവര് നിരവധിയാണ്.
വേട്ടക്കാരനും ഇരക്കും ഒരേ നീതിയെന്നും ഇവിടേം കള്ളന്മാര്ക്കുള്ള വേദിയായോയെന്ന ചോദ്യവും ഫേസ്ബുക്ക് കമന്റുകളിലുണ്ട്. പാര്‍ട്ടിയേല്‍പ്പിച്ച ചുമതലക്ക് കിട്ടയതാണെന്നും അഭിവാദ്യങ്ങളര്പ്പിച്ചുമുള്ള കമന്റുകളുമുണ്ട്.