15 June, 2022 10:06:06 AM
തൊടുപുഴയിലെ പൊലീസ് ലാത്തിചാർജ്; കോൺഗ്രസ് പ്രവർത്തകന്റെ നില ഗുരുതരം
തൊടുപുഴ: തൊടുപുഴയിലെ പൊലീസ് ലാത്തി ചാർജിൽ കോൺഗ്രസ് പ്രവർത്തകന്റെ നില ഗുരുതരം. കാഴ്‌ച തിരിച്ചുകിട്ടുമോ എന്നതിൽ ആശങ്ക. ബിലാൽ സമദിന് ശസ്ത്രക്രീയ നടത്തിയിരുന്നു. ഒരാഴ്ച്ച കഴിഞ്ഞ ശേഷമേ കാഴ്ചയെ പറ്റിയുള്ള കാര്യം പറയാൻ പറ്റു എന്ന് ഡോക്ടർമാർ അറിയിച്ചു ബിലാൽ സമദിന്റെ ചികിത്സാ ചെലവ് കോൺഗ്രസ് വഹിക്കുമെന്ന് അറിയിച്ചു.
തൊടുപുഴ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിലാൽ സമദിന് ഇന്നലെയാണ് പരുക്കേറ്റത്. ബിലാലിനെ വിദഗ്ധ ചികിത്സക്കായി അങ്കാമാലിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. കണ്ണിനാണ് പരുക്ക്, കാഴ്ചശക്തിയെ ബാധിച്ചേക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇന്നലെ വിദഗ്ധ ചികില്‍സയ്ക്കായി അങ്കമാലിയിലെ ആശുപത്രിയിലേക്ക് മാറ്റി.
തിരുവനന്തപുരത്ത് കെപിസിസി ഓഫീസ് ആക്രമിച്ചതിലും ഡിസിസി പ്രസിഡന്റിന്റെ കാർ തടഞ്ഞ് ആക്രമിച്ചതിലും പ്രതിഷേധിച്ചായിരുന്നു തൊടുപുഴയിൽ പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് മാർച്ച് നടത്തിയത്. തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുന്നതിനിടെ സിപിഐഎമ്മിന്റെ കൊടിമരം തകർത്ത കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി.
നാലുപേർക്ക് പരുക്കേറ്റു. ലാത്തി ചാർജിനിടെയാണ് പ്രവർത്തകർക്ക് പരുക്കേറ്റത്. തുടർന്ന് പ്രതിഷേധക്കാർ ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. കട്ടപ്പനയിൽ സിപിഐഎം നടത്തിയ മാർച്ചിനിടെ, വനം വകുപ്പ് സെക്ഷൻ ഓഫിസ് ഉപരോധ സമരവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സ്ഥാപിച്ചിരുന്ന കൊടികളും കെഎസ്‌യുവിന്റെ കൊടിയും നശിപ്പിച്ചു.