12 June, 2022 05:21:34 PM
നീന്തൽ പഠിക്കുന്നതിനിടെ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു

പാലക്കാട്: നീന്തൽ പഠിക്കുന്നതിനിടെ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു. പാലക്കാട് തൃത്താലയ്ക്ക് സമീപം പടിഞ്ഞാറങ്ങാടിയിലാണ് സംഭവം. 16 വയസുകാരായ ജഗൻ, സായൂജ് എന്നിവരാണ് മരിച്ചത്. ഇവരിൽ ഒരാൾ മുങ്ങിപ്പോവുകയും രണ്ടാമൻ രക്ഷിക്കാനായി ചാടുകയുമായിരുന്നു. ഇരുവരെയും ഉടൻ കരയ്ക്ക് എത്തിച്ചെങ്കിലും ആശുപത്രിയിലെത്തും മുൻപേ മരണം സംഭവിച്ചു.
പടിഞ്ഞാറങ്ങാടി കല്ലടത്തൂരിലെ വല്യോത്രക്കുളത്തിൽ നീന്തൽ പഠിക്കുന്നതിടെയാണ് അപകടം ഉണ്ടായത്. ഒതളൂര്‍ പുളിഞ്ചോടില്‍ താമസിക്കുന്ന തേവര്‍ പറമ്പില്‍ മധുവിന്‍റെ മകനാണ് ജഗന്‍. കൊമ്മാത്ര വളപ്പില്‍ സുകുമാരന്‍റെ മകനാണ് സായൂജ്. ഇരുവരും ഗോഘലെ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളാണ്. മൃതദേഹങ്ങൾ എടപ്പാൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.





