06 June, 2022 11:43:17 AM
കണ്ണൂരില്‍ പിതാവിന് മകന്റെ ക്രൂരമര്‍ദനം: നിലത്തിട്ട് ചവിട്ടി; വീട്ടുപകരണങ്ങള്‍ തകര്‍ത്തു
കണ്ണൂർ: പേരാവൂരില്‍ പിതാവിന് മകന്റെ ക്രൂരമര്‍ദനം. പേരാവൂര്‍ ചൗളനഗര്‍ എടാട്ട് വീട്ടില്‍ പാപ്പച്ചനെയാണ് മകന്‍ മാര്‍ട്ടിന്‍ ഫിലിപ്പ് ക്രൂരമായി മര്‍ദിച്ചത്. മകന്‍ പിതാവിനെ നിലത്തിട്ട് ചവിട്ടുന്നതിന്റെയും വീട്ടുപകരണങ്ങള്‍ അടിച്ചു തകര്‍ക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം.
മാര്‍ട്ടിന്‍ മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവാണെന്നാണ് വിവരം. കഴിഞ്ഞദിവസവും വീട്ടിലെത്തിയ ഇയാള്‍ വഴക്കുണ്ടാക്കി. തുടര്‍ന്നാണ് പിതാവിനെ ക്രൂരമായി മര്‍ദിച്ച് നിലത്തിട്ട് ചവിട്ടിയത്. വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ തന്നെയാണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വിവരമറിഞ്ഞതോടെ തിങ്കളാഴ്ച രാവിലെ പോലീസ് സംഘം പാപ്പച്ചന്റെ വീട്ടിലെത്തി. എന്നാല്‍ ഇദ്ദേഹം ആശുപത്രിയില്‍ പോകാന്‍ കൂട്ടാക്കിയില്ലെന്നാണ് വിവരം. മകന്‍ മാര്‍ട്ടിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.