04 June, 2022 10:37:48 AM


ശാന്തന്‍പാറ കൂട്ട ബലാത്സംഗം : പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ അറസ്റ്റില്‍



തൊടുപുഴ: ശാന്തന്‍പാറ കൂട്ട ബലാത്സംഗക്കേസില്‍ രണ്ടു പേര് കൂടി അറസ്റ്റില്‍. പെണ്‍കുട്ടിയുടെ സുഹൃത്തുക്കളാണ് അറസ്റ്റിലായത്. മധ്യപ്രദേശ് സ്വദേശികളായ മഹേഷ് കുമാര്‍ യാദവ്, കേം സിംഗ് എന്നിവരാണ് അറസ്റ്റിലായത്. രാജകുമാരി, പൂപ്പാറ എന്നിവിടങ്ങളില്‍ വച്ചാണ് ഇവര്‍ കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടി കൗണ്‍സിലിംഗില്‍ നല്‍കിയ മൊഴിയെ തുടര്‍ന്നാണ് അറസ്റ്റ്. 

നേരത്തെ, കേസുമായി ബന്ധപ്പെട്ട് പൂപ്പാറ സ്വദേശികളായ ശിവ, സുഗന്ധ് എന്നിവരുടെ അറസ്റ്റ് ചൊവ്വാഴ്ച രേഖപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് തമിഴ്‌നാട്ടിലേക്ക് കടന്ന ഈ രണ്ടുപേരെ പറ്റി വിവരം ലഭിച്ചത്. തുടര്‍ന്ന് ശാന്തന്‍പാറ പൊലീസ് തമിഴ്‌നാട്ടില്‍ എത്തി പുലര്‍ച്ചയോടെ പ്രതികളെ പിടികൂടുകയായിരുന്നു. 

കേസില്‍ പൂപ്പാറ സ്വദേശികളായ സാമുവല്‍, അരവിന്ദ് കുമാര്‍, പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേര്‍ എന്നിവരെയാണ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. മെയ് 29നാണ് പെണ്‍കുട്ടിയെ തേയിലത്തോട്ടത്തില്‍ വച്ച് പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തത്. സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തില്‍ ഇരുക്കുമ്പോഴായിരുന്നു ക്രൂരത. 

പെണ്‍കുട്ടിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ശാന്തന്‍പാറ പൊലീസില്‍ വിവരമറിയിച്ചത്. പെണ്‍കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളജിലെത്തിച്ച് വൈദ്യ സഹായം നല്‍കി. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി രഹസ്യ മൊഴിയും രേഖപ്പെടുത്തി. പ്രതികളെ രക്ഷപ്പെടാന്‍ ആരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K