17 May, 2022 08:42:04 PM
പൂട്ടിക്കിടന്ന വീട്ടിൽ മോഷണ ശ്രമം: അബദ്ധത്തിൽ ചാടിയത് കിണറ്റിൽ; വലയിട്ടുപിടിച്ച് അഗ്നിരക്ഷാസേന
കണ്ണൂർ: ആളില്ലാത്ത വീട്ടിൽ മോഷ്ടിക്കാൻ കയറിയ കള്ളൻ കിണറ്റിൽ വീണു. ഒടുവിൽ അഗ്നിരക്ഷാസേന എത്തി വലയിട്ട് പിടിച്ച് പോലീസിനെ ഏൽപ്പിച്ചു. നിരവധി മോഷണക്കേസുകളിൽ പ്രതിയായ തളിപ്പറമ്പ് മുയ്യം അമ്പിലോട്ട് പുതിയപുരയിൽ ഷെമീറാ(35)ണ് മോഷണശ്രമത്തിനിടെ കിണറ്റിൽ വീണത്. നിലവിളിയും ബഹളവും കേട്ടെത്തിയ അയൽക്കാരാണ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. കണ്ണൂർ എരമം-കുറ്റൂർ പഞ്ചായത്തിലെ തുമ്പത്തടത്ത് കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം.
തുമ്പത്തടത്തെ കേളോത്ത് പവിത്രൻ മാസ്റ്ററുടെ വീട്ടിലാണ് രാത്രി പത്തുമണിയോടെ ഷമീർ എത്തിയത്. പവിത്രൻ മാസ്റ്ററും ഭാര്യയും കഴിഞ്ഞദിവസം ഉച്ചയോടെ വീട് പൂട്ടി തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് പോയിരുന്നു. വീട്ടിൽ ആളില്ലെന്ന് ഉറപ്പുവരുത്തിയാണ് ഷെമീർ മോഷണത്തിനായി ഇവിടേയ്ക്ക് എത്തിയത്. സ്‌കൂട്ടറിൽ സ്ഥലത്തെത്തിയ പ്രതി സമീപത്തെ കുറ്റിക്കാട്ടിൽ സ്‌കൂട്ടർ ഒളിപ്പിച്ചശേഷം വീട്ടുവളപ്പിലേക്ക് കടന്നു. തുടർന്ന് കിണറിന്റെ ആൾമറയിൽ ചവിട്ടി പാരപ്പറ്റിലേക്ക് വലിഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെയാണ് അബദ്ധത്തിൽ കിണറ്റിലേയ്ക്ക് വീണത്.
പാരപ്പറ്റിലെ ഇഷ്ടിക അടർന്നതോടെയാണ് കള്ളനും പിടിവിട്ട് കിണറ്റിലേക്ക് പതിച്ചത്. കിണറ്റിലേയ്ക്ക് വീണതിനു പിന്നാലെ കൂട്ടനിലവിളിയും കരച്ചിലും ഉയർന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കിണറിൽ കള്ളനെ കണ്ടത്. തുടർന്ന് അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. 30 അടിയോളം ആഴമുള്ള കിണറ്റിൽ നാലടിയോളം വെള്ളമുണ്ടായിരുന്നു. പെരിങ്ങോം അഗ്‌നിരക്ഷാസേനയിലെ സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ബാബു ആയോടന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് വല ഉപയോഗിച്ച് കള്ളനെ കരയ്ക്ക് കയറ്റിയത്. തുടർന്ന് പോലീസിന് കൈമാറുകയായിരുന്നു.