14 May, 2022 04:05:06 PM
ഒറ്റ വോട്ടു പോലും വീണില്ല; തൊടുപുഴയിൽ സംഘർഷാവസ്ഥ: ബാങ്ക് തെരഞ്ഞെടുപ്പ് മാറ്റി
തൊടുപുഴ: സംഘർഷാവസ്ഥയെത്തുടർന്ന് ഇന്നു രാവിലെ ആരംഭിച്ച തൊടുപുഴ കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പ് മാറ്റി വച്ചു. ഇന്നു രാവിലെ ഒൻപതിനു വോട്ടെടുപ്പ് ആരംഭിച്ചെങ്കിലും പത്തു കഴിഞ്ഞിട്ടും ഒരു വോട്ടു പോലും രേഖപ്പെടുത്തിയില്ല.
ഇന്നലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വോട്ടർമാരുടെ വ്യാജ തിരിച്ചറിയൽ കാർഡുകൾ യുഡിഎഫ് സ്ഥാനാർഥിയുടെ വീട്ടിൽനിന്നു പോലീസ് പിടികൂടിയിരുന്നു. തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് നയിക്കുന്ന സഹകരണ സംരക്ഷണ മുന്നണി ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്കു പരാതി നൽകിയിരുന്നു. ഇതിന്‍റെയും തെരഞ്ഞെടുപ്പ് സുഗമമായി നടത്താനാവില്ലെന്ന പോലീസ് റിപ്പോർട്ടിന്‍റെയും അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചതായി വരണാധികാരി അറിയിക്കുകയായിരുന്നു.
വ്യാജ തിരിച്ചറിയൽ കാർഡുകൾ സൂക്ഷിച്ച കേസിൽ സ്ഥാനാർഥിയായ തൊടുപുഴ ജയനിലയം ആർ.ജയൻ, യുഡിഎഫ് പ്രവർത്തകനായ വെങ്ങല്ലൂർ പെരുനിലം ബഷീർ എന്നിവരെയാണ് പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തത്. ജയനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തിട്ടുണ്ട്.
ഇന്നു രാവിലെ മുതൽ തെരഞ്ഞെടുപ്പു നടക്കുന്ന എപിജെ അബ്ദുൾ കലാം ഹയർസെക്കൻഡറി സ്കൂളിലും പരിസരത്തും സംഘർഷാവസ്ഥ നില നിന്നിരുന്നു. വൻ തോതിലുള്ള പോലീസ് സന്നാഹവും സ്ഥലത്ത് ഏർപ്പെടുത്തിയിരുന്നു. എൽഡിഎഫ് , യുഡിഎഫ് പ്രവർത്തകർ തമ്മിൽ പല തവണ ഉന്തും തള്ളുമുണ്ടായി. പോലീസ് ഇടപെട്ടു കൂടുതൽ സംഘർഷം ഒഴിവാക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് മാറ്റിവച്ചെങ്കിലും സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. എൽഡിഎഫ് പ്രവർത്തകർ പോളിംഗ് സ്റ്റേഷനു സമീപം യോഗം നടത്തി. തെരഞ്ഞെടുപ്പ് മാറ്റി വച്ചതിൽ പ്രതിഷേധിച്ചു യുഡിഎഫ് മാർച്ച് നടത്തുമെന്നു പ്രഖ്യാപിച്ചതിനാൽ കനത്ത പോലീസ് ബന്തവസിലാണ് തൊടുപുഴ നഗരം.