12 May, 2022 09:14:53 PM


പ്രണയം നിരസിച്ചു: പ്ലസ് ടു വിദ്യാർത്ഥി ജൂനിയർ വിദ്യാർഥിനിയെ കുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു



മൂന്നാർ: പ്രണയം നിരസിച്ചുവെന്ന കാരണത്താൽ പ്ലസ് ടു വിദ്യാർത്ഥി ജൂനിയർ വിദ്യാർഥിനിയെ കഴുത്തിന് കുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്നാർ ടൗൺ സ്വദേശിയായ വിദ്യാർത്ഥി പ്ലസ് വൺ വിദ്യാർത്ഥിനിയെയാണ് കുത്തിയത്. ആത്മഹത്യയ്ക്ക് ശ്രമിച്ച ആൺകുട്ടിയുടെ നിലയും ഗുരുതരമാണ്.

കഴുത്തിലും കൈക്കും പരിക്കേറ്റ പെൺകുട്ടിയെ കോയമ്പത്തൂർ ആശുപത്രിയിലേക്ക് മാറ്റി. ആത്മ​ഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിയെ കോലഞ്ചേരി ആശുപത്രിയിലേക്കും കൊണ്ടു പോയി. ഇരുവരും മാട്ടുപ്പെട്ടിയിലെ ഒരു സ്കൂളിലെ വിദ്യാർത്ഥികളാണ്. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. 

ക്ലാസ് കഴിഞ്ഞ് സ്കൂൾ ബസിൽ വീടിനു സമീപത്ത് ഇറങ്ങിയ പെൺകുട്ടിയെ പിന്തുടർന്ന് എത്തിയ വിദ്യാർഥി അടുത്തുള്ള ദേവാലയ പരിസരത്തേക്ക് വിളിച്ചു കൊണ്ടു പോയി. പിൻഭാഗത്തെ ശുചിമുറിയുടെ സമീപം ഇവർ സംസാരിച്ചു നിൽക്കുന്നതിനിടയിൽ പ്രകോപിതനായ വിദ്യാർഥി കൈയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് പെൺകുട്ടിയെ കുത്തുകയായിരുന്നു. വീടിനു സമീപം കാത്തു നിൽക്കുകയായിരുന്ന  അമ്മ ശരീരം മുഴുവൻ രക്തമൊലിച്ച നിലയിൽ ഓടി വരുന്ന മകളെയാണ് കണ്ടത്. അലറി വിളിച്ച അമ്മ അയൽക്കാരെയും കൂട്ടി പെൺകുട്ടിയെ മൂന്നാറിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പെൺകുട്ടി ഓടിപ്പോകുന്നതു കണ്ട പ്ലസ്ടു വിദ്യാർഥി ആക്രമിക്കാൻ ഉപയോഗിച്ച കത്തി കൊണ്ട് കഴുത്തു മുറിക്കുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K