07 May, 2022 11:53:15 AM


'പാർക്കിംഗിന് ഇനി വലിയ വില നൽകണം': പാലക്കാട് റയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് ഇരുട്ടടി



പാലക്കാട്: റെയിൽവേ സ്റ്റേഷനിൽ വാഹന പാർക്കിംഗ് ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെയിൽവേ. പാർക്കിംഗ് കരാർ പുതുക്കിയതിന്റെ ഭാഗമായാണ് നിരക്ക് വർദ്ധന. ഇരുചക്ര വാഹനങ്ങളുടെ പാർക്കിംഗ് ഫീസ് ആദ്യത്തെ നാല് മണിക്കൂറിന് നാലു രൂപയായിരുന്നത് 12 രൂപയായി വർദ്ധിപ്പിച്ചു. 12 മണിക്കൂർ വരെ 18 രൂപ, 24 മണിക്കൂർ വരെ 25 എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. നാലുചക്ര വാഹനങ്ങൾക്ക് ഇത് യഥാക്രമം 25, 50, 95 എന്നിങ്ങനെയാണ്. 

മിനിമം 10 രൂപയുണ്ടായിരുന്നതാണ് ഇരട്ടിയായി വർദ്ധിപ്പിച്ചത്. 24 മണിക്കൂർ കഴിഞ്ഞാൽ ഓരോ 24 മണിക്കൂറിനും 120 രൂപ അധികം നൽകേണ്ടിവരും. പുതിയ നിരക്കിനെതിരെ പ്രതിഷേധം ശക്തമാണ്. റെയിൽവേ സ്റ്റേഷനിൽ സർവിസ് നടത്തുന്ന ടാക്സി വാഹനങ്ങളുടെ പാർക്കിംഗ് ഫീസിലും വർദ്ധനവുണ്ട്. പ്രതിവർഷം 2000 രൂപ എന്നത് ഇരട്ടിയായി വർദ്ധിപ്പിച്ചു. ടാക്സി വാഹനങ്ങൾ വർഷത്തിൽ 4000 രൂപ നൽകണം. 

ജോലി ആവശ്യാർത്ഥവും മറ്റും വാഹനങ്ങൾ സ്റ്റേഷനിൽ പാർക്ക് ചെയ്യുന്നവർക്ക് പുതിയ നിരക്ക് വലിയ തിരിച്ചടിയായതോടെ പ്രതിഷേധമുയർന്നു. കൊവിഡിന് മുമ്പുവരെ ഉണ്ടായിരുന്ന ട്രെയിനുകളിലെ പാസഞ്ചർ നിരക്ക് ഇനിയും റെയിൽവേ പുനഃസ്ഥാപിക്കാത്തതിനാൽ പാസഞ്ചർ ട്രെയിനുകളിൽ പോലും ഉയർന്ന നിരക്ക് നൽകിയാണ് സ്ഥിരം യാത്രക്കാർ ഉൾപ്പെടെയുള്ള ആളുകൾ യാത്ര ചെയ്യുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K