29 April, 2022 01:02:09 AM
ഭാര്യയെ തീകൊളുത്തിയശേഷം ഭർത്താവ് ജീവനൊടുക്കിയ സംഭവം: ചികിത്സയിലായിരുന്ന മകളും മരിച്ചു
കട്ടപ്പന: ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയശേഷം ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ പൊള്ളലേറ്റു ചികിത്സയിലായിരുന്ന മകളും മരിച്ചു. ഇലവനാൽ തൊടുകയിൽ ശ്രീ ധന്യയാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ മരിച്ചത്.
വണ്ടന്മേട് പോലീസ് സ്റ്റേഷൻ പരിധിയിൽ പുറ്റടിയിൽ ഇലവനാൽ തൊടുകയിൽ രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഇവരുടെ ഇളയ മകളാണ് ശ്രീ ധന്യ. ശ്രീധന്യയ്ക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ഉറങ്ങിക്കിടന്ന ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവും തീ കൊളുത്തി ജീവനൊടുക്കുകയായിരുന്നു. ഞായറാഴ്ച അർധരാത്രിക്കു ശേഷമാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്.
കിടപ്പുമുറിയിൽ പടർന്ന തീ വെള്ളമൊഴിച്ച് അണച്ച് അയൽവാസികൾ അകത്തു കയറിയപ്പോൾ രവീന്ദ്രനും ഉഷയും മരിച്ചു കിടക്കുന്നതാണു കണ്ടത്. തീ പടർന്നപ്പോൾ ഉണ്ടായ സ്ഫോടനത്തിൽ വീടിന്റെ മേൽക്കൂരയിലെ ഷീറ്റുകൾ തകർന്ന് ദന്പതികളുടെ ദേഹത്തുവീണ നിലയിലായിരുന്നു. തുടർന്നു പോലീസും ഫയർഫോഴ്സും എത്തിയാണ് മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റിയത്.