25 April, 2022 07:27:02 PM
ആനപ്പുറത്ത് കയറി ഫോട്ടോയെടുക്കാം: വ്യത്യസ്തയിനം വളർത്തുമൃഗങ്ങളെയും പക്ഷികളെയും കാണാം
പാലക്കാട് : 'എന്റെ കേരളം' പ്രദര്‍ശന വിപണനമേളയില്‍ വ്യത്യസ്തയിനം പശുക്കള്‍, ആടുകള്‍, പൂച്ചകള്‍, പട്ടികള്‍, പക്ഷികള്‍, ആന എന്നിവ മേള നഗരിയില്‍ എത്തുന്നവര്‍ക്ക് കാഴ്ച വിരുന്നാകും. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ മേളയില്‍ അമേരിക്കന്‍ ബുള്ളി, സെന്റ് ബര്‍ണാഡ് നായ്ക്കളും പേര്‍ഷ്യന്‍ ക്യാറ്റുകളും സിരോഹി ആടുകളും വരെ കൗതുകവും കണ്ണിനിമ്പവുമാകും.
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടം, വ്യവസായം, കൃഷി, ടൂറിസം, കുടുംബശ്രീ വകുപ്പുകളുടെ സഹകരണത്തോടെ ഏപ്രില്‍ 28 മുതല്‍ മെയ് 04 വരെ ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന 'എന്റെ കേരളം' പ്രദര്‍ശന-വിപണന മേളയുടെ ഭാഗമായാണ് വളര്‍ത്തു മൃഗങ്ങളുടെയും പക്ഷികളുടെയും പ്രദര്‍ശനം നടക്കുന്നത്. ദിവസവും വൈകിട്ട് നാല് മുതല്‍ ആറ് വരെയാണ് മൃഗങ്ങളുടേയും പക്ഷികളുടേയും പ്രദര്‍ശനം.
ഏപ്രില്‍ 28 ന് പശുക്കള്‍, 29 ന് ആടുകള്‍, 30 ന് കോഴികള്‍, പക്ഷികള്‍, മെയ് ഒന്നിന് പട്ടികള്‍, മെയ് രണ്ടിന് പൂച്ചകള്‍, മെയ് മൂന്നിന് ആന എന്നിങ്ങനെയാണ് പ്രദര്‍ശനത്തിന് ഒരുക്കുന്നത്. റോട്ട് വീലര്‍, പിഗ് ബുള്‍, ജര്‍മന്‍ ഷെപ്പേര്‍ഡ്, പഗ്ഗ്, ലാബര്‍ഡോഗ് ഇനങ്ങളിലുള്ള നായകളും സയാമീസ് ക്യാറ്റ്, പേര്‍ഷ്യന്‍ ക്യാറ്റ് ഇനങ്ങളിലുള്ള പൂച്ചകളും ഗീര്‍, കാസര്‍ഗോഡ് കുള്ളന്‍, സിന്ധി, വെച്ചൂര്‍ ഇനങ്ങളിലുള്ള പശുക്കളും ബീറ്റില്‍, സിരോഹി, മലബാറി ആടുകളും മേളയിലെത്തും.
രജിസ്ട്രേഷന്‍ ഏപ്രില്‍ 27 വരെ
വളര്‍ത്ത് മൃഗങ്ങളെയും പക്ഷികളേയും പ്രദര്‍ശിപ്പിക്കാന്‍ പൊതുജനങ്ങള്‍ക്കും അവസരമുണ്ട്. മെയ് മൂന്നിന് ആനയെ പ്രദര്‍ശനത്തിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്ന 20 പേര്‍ക്ക് ആനപ്പുറത്ത് കയറാനും അവസരം ഒരുക്കുന്നുണ്ട്. മൃഗങ്ങളുടെയും പക്ഷികളുടെയും പരിപാലനം, ഭക്ഷണ രീതി, വിപണനം, രോഗങ്ങള്‍, കൗതുകകരമായ വിവരങ്ങള്‍ വിദഗ്ധരായ ഡോക്ടര്‍മാരോട് ചോദിച്ചറിയാനും സ്റ്റാളില്‍ അവസരമുണ്ട്. അരുമകളായ മൃഗങ്ങളെയും അപൂര്‍വങ്ങളായ പക്ഷികളെയും പ്രദര്‍ശിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഏപ്രില്‍ 27 ന് വൈകിട്ട് അഞ്ചിനകം 9447417100 നമ്പറില്‍ രജിസ്റ്റര്‍ ചെയ്യാം.