25 April, 2022 11:43:54 AM
അമൃത വിദ്യാലയത്തിൽ നിന്നും രേഷ്മയെ സസ്പെൻഡ് ചെയ്തു
കണ്ണൂർ: കൊലക്കേസ് പ്രതിക്ക് ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കി നൽകിയ രേഷ്മയെ അമൃത വിദ്യാലയത്തിൽ നിന്നും സസ്പെൻഡ് ചെയ്തു. പുന്നോൽ ഹരിദാസ് വധക്കേസിൽ രേഷ്മ പ്രതിയായ സാഹചര്യത്തിലാണ് നടപടി. കേസിലെ മുഖ്യ പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ നിജിൽ ദാസിന് രേഷ്മ ഒളിവിൽ കഴിയാൻ വീട് നൽകുകയും സഹായമൊരുക്കുകയും ചെയ്തിരുന്നു. കേസിലെ 15-ാം പ്രതിയാണ് അണ്ടല്ലൂർ സ്വദേശി രേഷ്മ.
ഓട്ടോ ഡ്രൈവറായിരുന്ന നിജിൽ ദാസുമായി അധ്യാപികയായ രേഷ്മയ്ക്ക് ഒരു വർഷത്തെ പരിചയം ഉണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ടില് പറയുന്നത്. കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഭർത്താവിന്റെ പേരിലുള്ള പിണറായി പാണ്ട്യാലമുക്കിലെ വീട്ടിൽ നിജിലിനെ ഒളിവിൽ പാർപ്പിച്ചത്.
നിജിലിനെ അറസ്റ്റ് ചെയ്തതിനെത്തുടർന്നു രേഷ്മയുടെ വീട് ആക്രമിച്ചിരുന്നു. വെള്ളിയാഴ്ച പുലർച്ചെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം രാത്രി എട്ടരയോടെ ഒരുസംഘം വീടു വളഞ്ഞ് ജനൽച്ചില്ലുകൾ തല്ലിത്തകർക്കുകയും ബോംബുകളെറിയുകയുമായിരുന്നു.