24 April, 2022 10:09:20 PM
തീകൊളുത്തിയ ശേഷം സുബ്രഹ്മണ്യവും പെൺകുട്ടിയും പുറത്തെത്തിയതും ആംബുലൻസിലേക്ക് നടന്നു കയറിയതും ഒന്നിച്ച്
പാലക്കാട്: ഞായറാഴ്ച്ച രാവിലെയാണ് കൊല്ലങ്കോട് കിഴക്കേ ഗ്രാമത്തിൽ യുവാവിനും പെൺകുട്ടിക്കും തീപൊള്ളലേറ്റത്. പൊള്ളലേറ്റ കിഴക്കേ ഗ്രാമം സ്വദേശി സുബ്രഹ്മണ്യനും, പതിനാറുകാരിയായ സുഹൃത്തും ഉച്ച കഴിഞ്ഞ് 2. 30 ന് എറണാകുളത്തെ സ്വകാര്യ ശുപത്രിയിലാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തെ കുറിച്ച് സുബ്രഹ്മണ്യത്തിന്റെ അയൽവാസിയും സിവിൽ പോലീസ് ഓഫീസറുമായ സന്തോഷ് പറയുന്നത് ഇങ്ങനെ, ഇന്ന് രാവിലെ ഏഴരയോടെയാണ് സുബ്രഹ്മണ്യത്തിന്റെ വീട്ടിൽ നിന്നും പുക ഉയരുന്നത് കാണുന്നത്. ബഹളം കേട്ട് നാട്ടുകാരായ തങ്ങൾ സുബ്രഹ്മണ്യത്തിന്റെ വീട്ടിലേക്ക് ഓടിയെത്തുകയായിരുന്നു. നാട്ടുകാർ തന്നെയാണ് ഫയർഫോഴ്സിൽ വിവരമറിയിച്ചത്.
അപ്പോഴേക്കും ശരീരമാസകലം പൊള്ളലേറ്റ നിലയിൽ സുബ്രഹ്മണ്യവും പെൺകുട്ടിയും വീടിന്റെ വാതിൽ സ്വയം തുറന്ന് പുറത്തു വരികയായിരുന്നു. പുറത്തെത്തിയ രണ്ടുപേരും ആദ്യം കുടിക്കുവാൻ വെള്ളം ആവശ്യപ്പെട്ടു. ഈ സമയം അവിടെയെത്തിയ നാട്ടുകാരിൽ ചിലർ ഇരുവർക്കും കുടിക്കാൻ വെള്ളവും നൽകി. അപ്പോഴേക്കും ഇരുവരെയും ആശുപത്രിയിൽ എത്തിക്കുവാനായി ആംബുലൻസും സ്ഥലത്തെത്തിയിരുന്നു. ആംബുലൻസിലേക്ക് ഇരുവരും ഒരുമിച്ച് നടന്നാണ് കയറിയത്. പൊള്ളലേറ്റതിന്റെ അസ്വസ്ഥതകൾ ഇരുവരും പ്രകടിപ്പിച്ചിരുന്നു.
എന്നാൽ എന്തിനാണ് അത്മഹത്യക്ക് ശ്രമിച്ചത് എന്നതിനെക്കുറിച്ച് ഇരുവരും ആരോടും പറഞ്ഞതുമില്ല. ഇരുവരെയും ആദ്യം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. ശരീരത്തിൽ 50 ശതമാനത്തിലേറെ പൊള്ളലേറ്റതിനാൽ അവിടെ നിന്നും തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചു. സ്ഥിതി ഗുരുതരമായതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
എറണാകുളത്തെ ആശുപത്രിയിൽ 12.30 ഓടു കൂടി എത്തിയ ഇരുവരെയും വെന്റിലേറ്ററിലേക്ക് മാറ്റി. ഉച്ചകഴിഞ്ഞ് രണ്ടു മണിക്കും 2. 15 നും ഇടയിൽ മിനുട്ടുകളുടെ വ്യത്യാസത്തിലാണ് ഇരുവരും മരണപ്പെട്ടത്.
സുബ്രഹ്മണ്യത്തിന്റെ പിറന്നാൾ ദിനത്തിലാണ് ദാരുണാന്ത്യം സംഭവിച്ചത്. ഇവരുടെ ബന്ധത്തെ വീട്ടുകാർ എതിർത്തിരുന്നെന്നാണ് സൂചന. മൃതദേഹം എറണാകുളത്തെ സ്വകാര്യശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.