23 April, 2022 01:36:23 PM


അധ്യാപിക രേഷ്മയ്ക്കെതിരേ ചുമത്തിയത് അഞ്ചു വർഷം തടവ് ലഭിക്കാവുന്ന കുറ്റം



കണ്ണൂർ: പുന്നോൽ ഹരിദാസൻ കൊലക്കേസ് പ്രതിയെ ഒളിവിൽ താമസിപ്പിച്ച അധ്യാപിക രേഷ്മയുടെ പേരിൽ ചുമത്തിയത് അഞ്ചു വർഷം തടവ് ലഭിക്കാവുന്ന കുറ്റം. കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ട് ഒളിപ്പിച്ചു താമസിപ്പിച്ചത് കണക്കിലെടുത്താണ് ഐപിസി 212 വകുപ്പ് പ്രകാരം അഞ്ച് വർഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം അധ്യാപികക്കെതിരെ ചുമത്തിയത്.

സ്വകാര്യ വിദ്യാലയത്തിലെ മീഡിയ കോ-ഓർഡിനേറ്റർ കൂടിയായ അധ്യാപികയ്ക്കു നിജിൽ ദാസിനെ നേരത്തെ അറിയാമായിരുന്നു. മികച്ച അധ്യാപികയ്ക്കുള്ള സ്കൂളിന്‍റെ പുരസ്കാരവും ഇവർ നേടിയിട്ടുണ്ട്. ഹരിദാസൻ വധത്തിനു ശേഷം ഒളിവിൽ പോയ നിജിൽദാസ് ഇതിന് മുൻപ് താമസിച്ച സ്ഥലങ്ങളുടെ വിവരങ്ങളും പോലീസ് ശേഖരിച്ചു വരികയാണ്.

ഒളിച്ചുതാമസിക്കാൻ ഒരിടം വേണമെന്നു പറഞ്ഞു വിഷുവിന് ശേഷമാണു പ്രതി സുഹൃത്തായ അധ്യാപികയെ ഫോണിൽ വിളിച്ചത്.17 മുതൽ നാലു ദിവസത്തേക്കു പിണറായി പാണ്ട്യാലമുക്കിലെ വീട്ടിൽ നിജിൽ ദാസിനു താമസിക്കാൻ രേഷ്മ സൗകര്യം ഒരുക്കിക്കൊടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

മുഖ്യമന്ത്രിയുടെ വീടിനു സമീപം തന്നെ വിവാദമായൊരു കൊലക്കേസിലെ പ്രതിയെ ഒളിവിൽ താമസിക്കാൻ അനുവദിച്ചത് ഗൗരവത്തോടെയാണ് പോലീസ് കണക്കിലെടുത്തിരിക്കുന്നത്. പ്രതിയെ ഒളിവിൽ താമസിപ്പിച്ച വീടിനു നേരെ ബോംബേറ് ഉണ്ടായി. പ്രതി ഇവിടെ ഒളിവിൽ താമസിപ്പിച്ചെന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് ആക്രമണം ഉണ്ടായത്.

കണ്ണൂർ ജില്ലയിലെ കൊലപാതക രാഷട്രീയത്തിൽ ഒരു വനിത അറസ്റ്റിലാകുന്നത് ആദ്യമായിട്ടാണ്. പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതി നിജിന്‍ ദാസിന് ഒളിവില്‍ താമസിക്കാന്‍ വീട് വിട്ടു നല്‍കിയതിനാണ് അധ്യാപിക അറസ്റ്റിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെ നിജന്‍ ദാസിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ രാത്രിയോടെയാണ് പുന്നോല്‍ അമൃത വിദ്യാലയത്തിലെ അധ്യാപികയായ രേഷ്മയെ അറസ്റ്റ് ചെയ്തത്.

പ്രതിക്കു വീടു വിട്ടു നൽകിയ വിവരം പുറത്തുവന്നതിനെത്തുടർന്ന് ഇവരുടെ വീടിനു നേരെ ബോംബേറ് ഉണ്ടായിരുന്നു. പ്രതിക്കു വീട് വിട്ടു നല്‍കിയതു കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണെന്നാണ് പോലീസിനു ലഭിച്ച വിവരം. ഒളിച്ചു താമസിക്കാന്‍ വീട് വിട്ടു നല്‍കണമെന്നു വിഷുവിനു ശേഷമാണു നിജിന്‍ ദാസ് രേഷ്മയോട് ആവശ്യപ്പെട്ടത്. ഭര്‍ത്താവ് പ്രവാസിയായ രേഷ്മയും മക്കളും അണ്ടലൂര്‍ കാവിനടുത്തെ വീട്ടിലാണ് താമസിക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് നിര്‍മിച്ച രണ്ടാമത്തെ വീടാണ് പാണ്ട്യാലമുക്കിലേത്.

ഇവിടെ നിന്നാണ് നിജിന്‍ ദാസിനെ കസ്റ്റഡിയില്‍ എടുത്തത്. സിപിഎം ശക്തികേന്ദ്രത്തിലാണ് ഇത്രയും ദിവസം ആര്‍എസ്എസ് തലശേരി ഗണ്ട് കാര്യവാഹക് ആയ നിജിന്‍ ദാസ് ഒളിവില്‍ കഴിഞ്ഞത്. ഓട്ടോറിക്ഷ ഡ്രൈവറാണ് ഇയാള്‍. ഫെബ്രുവരി 21നായിരുന്നു പുലര്‍ച്ചെ മീന്‍പിടിത്തം കഴിഞ്ഞെത്തിയ സിപിഎം പ്രവര്‍ത്തകനായ പുന്നോല്‍ ഹരിദാസനെ ബൈക്കിലെത്തിയ നാലംഗ സംഘം കൊലപ്പെടുത്തിയത്. സ്വന്തം വീടിനു മുന്നിലായിരുന്നു കൊലപാതകം. കേസില്‍ ഇതുവരെ ഏഴു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്നലെ രാത്രിയോടെയായിരുന്നു നിജിന്‍ ഒളിവില്‍ താമസിച്ച വീടിനു നേരെ ബോംബ് ആക്രമണം ഉണ്ടായത്. ബോംബേറില്‍ വീടിനു കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു.
നിജിൽ ദാസിനെ കസ്റ്റഡിയിൽ എടുത്ത പോലീസ് സംഘം ഇന്നലെ കണ്ണൂരിലെ പ്രത്യേക കേന്ദ്രത്തിൽ ഇയാളെ വിശദമായ ചോദ്യം ചെയ്യലിനു വിധേയമാക്കിയിരുന്നു.

അഡീഷണൽ എസ്പി പി.പി.സദാനന്ദന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് നിജിൽ ദാസിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനോടു നിസഹകരിച്ച നിജിലിന്‍റെ കോൾ ഡീറ്റൈൽസിൽ നിന്നാണ് അധ്യാപികയുടെ പങ്ക് സംബന്ധിച്ച വ്യക്തമായ തെളിവുകൾ പോലീസിനു ലഭിച്ചത്. മുഖ്യമന്ത്രിയുടെ വീടിനു വിളിപ്പാടകലെ കൊലക്കേസ് പ്രതിക്ക് ഒളിത്താവളമൊരുക്കിയ അധ്യാപികയുടെ വീടിനു നേരെ ഇന്നലെ രാത്രിയാണ് ബോംബാക്രമണമുണ്ടായത്. അക്രമി സംഘം രണ്ട് ബോംബുകളാണ് വീടിനു നേരെ എറിഞ്ഞത്.

നിജിൽ ദാസ് കൂടി പിടിയിലായതോടെ ഇനി ഒരാൾ കൂടിയാണ് കൊലയാളി സംഘത്തിൽ വലയിലാകാനുളളത്. നഗരസഭ കൗൺസിലറും ബിജെപി മണ്ഡലം പ്രസിഡന്‍റുമായ ലിജേഷ് ഉൾപ്പെടെയുള്ള പ്രതികൾ റിമാൻഡിലാണുള്ളത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ നിജിൽ ദാസ് ഒളിവിൽ കഴിയുന്നതിനിടെ തലശേരി കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകിയിരുന്നു.

കേസിൽ പങ്കില്ലെന്നും നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടി ഇയാൾ നൽകിയ ജാമ്യ അപേക്ഷ കോടതി തളളിയിരുന്നു. സിപിഎമ്മിന്‍റെ ശക്തികേന്ദ്രത്തിൽ സംസ്ഥാന മുഖ്യമന്ത്രിയുടെ സ്വന്തം വീട്ടുപരിസരത്തായി ആരുമറിയാതെയും ആരുടെയും ശ്രദ്ധയിൽ പെടാതെയും കൊലക്കേസ് പ്രതി ഒളിവിൽ കഴിഞ്ഞതെന്നതു പോലീസിനെയും നാട്ടുകാരെയും അമ്പരപ്പിക്കുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K