08 April, 2022 02:37:50 PM
റണ്‍വേയുടെ നീളം വില്ലനായി; ഇടുക്കിയില്‍ വിമാനം ഇറക്കാനുള്ള ശ്രമം പരാജയപെട്ടു
തൊടുപുഴ: ഇടുക്കി വണ്ടിപ്പെരിയാറിലെ സത്രം എയര്‍ സ്ട്രിപ്പില്‍ വിമാനം ഇറക്കാനുള്ള ശ്രമം പരാജയപെട്ടു. സുരക്ഷാ കാരണങ്ങളാലാണ് വിമാനം ഇറക്കാൻ കഴിയാതിരുന്നത്. റണ്‍വേയുടെ നീളം കൂട്ടേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. എന്‍സിസി കേഡറ്റുകളുടെ പരിശീലനത്തിനായി നിര്‍മ്മിച്ച 650 മീറ്റര്‍ നീളമുള്ള എയര്‍ സ്ട്രിപ്പിലാണ് രണ്ടുപേര്‍ക്ക് സഞ്ചരിക്കാവുന്ന ചെറുവിമാനം ഇറക്കാനുള്ള ശ്രമം നടത്തിയത്. ഒമ്പതു തവണയോളം എയര്‍ സ്ട്രിപ്പിന് മുകളില്‍ വിമാനം വട്ടമിട്ടു പറന്നു. പിന്നീട് സുരക്ഷാ കാരണങ്ങളാല്‍ വിമാനം ഇറക്കാനാകില്ലെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു.
വിമാനത്താവളത്തിന് സമീപത്തുള്ള മണ്‍തിട്ട നീക്കം ചെയ്താല്‍ മാത്രമേ വിമാനം സുരക്ഷിതമായി ഇറക്കാനാകൂ എന്ന് എന്‍സിസി അധികൃതര്‍ അറിയിച്ചു. നേരത്തെ ഇതിനെപറ്റിയുള്ള വിശദീകരണം എന്‍സിസി നൽകിയിരുന്നു. മൺതിട്ട നീക്കം ചെയ്‌ത് എയര്‍ സ്ട്രിപ്പിൻ്റെ റണ്‍വേയുടെ നീളം ആയിരം മീറ്ററായി വര്‍ധിപ്പിക്കണമെന്നാണ് എൻസിസി ആവശ്യപ്പെട്ടത്. മണ്‍തിട്ട നീക്കം ചെയ്യാനായി വനംവകുപ്പിന്റെ അനുമതി തേടിയിരിക്കുകയാണ്. എയർ സ്ട്രിപ്പ് റൺവേ നീളം 1000 മീറ്ററായി ഉയർത്തുന്നതിന് കൂടുതൽ വനഭൂമി വിട്ടുകിട്ടുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. 15 ദിവസത്തിന് ശേഷം ട്രയല്‍ റണ്‍ നടത്തുമെന്ന് എന്‍സിസി അധികൃതര്‍ അറിയിച്ചു. വർഷം ആയിരം എൻസിസി കേഡറ്റുകൾക്ക് വിമാനം പറപ്പിക്കാനുള്ള പരിശീലനമാകും ഇവിടെ നൽകുക.