27 March, 2022 11:06:52 AM
മൂലമറ്റത്തെ വെടിവെയ്പ്പ് തട്ടുകടയില്‍ ഭക്ഷണം തീർന്നതിലുള്ള പ്രകോപനത്തെതുടര്‍ന്ന്
തൊടുപുഴ: മൂലമറ്റത്ത് വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മൂലമറ്റം ഹൈസ്കൂളിന് സമീപത്ത് വനിതകള്‍ നടത്തുന്ന തട്ടുകടയുടെ മുന്‍പിലാണ് സംഭവം നടന്നത്. പ്രതി ഫിലിപ്പും സംഘവും കഴിക്കാന്‍ വന്നപ്പോള്‍ ഭക്ഷണം തീര്‍ന്നുപോയിരുന്നു. ഭക്ഷണം ഇല്ലെന്ന് പറഞ്ഞപ്പോള്‍ ഇവർ ബഹളമുണ്ടാക്കി. ഈ സമയം കടയിലുണ്ടായിരുന്ന യുവാക്കള്‍ ബഹളമുണ്ടാക്കരുതെന്ന് ഇവരോടു പറഞ്ഞു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. ഈ യുവാക്കളില്‍ ഒരാളെ ഫിലിപ്പും സംഘവവും തള്ളിയിട്ടു. തുടര്‍ന്ന് ഇവരെ നാട്ടുകാര്‍ ഇടപെട്ടാണ് തിരിച്ചയച്ചത്.
എന്നാല്‍ വീട്ടിലേക്ക് പോയ ഫിലിപ്പ് തോക്കുമായെത്തി കാറില്‍ ഇരുന്ന് തട്ടുകടയുടെ മുന്‍പിലുണ്ടായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഈസമയമാണ് സ്കൂട്ടറിലെത്തിയ ബസ് കണ്ടക്ടറായ സനലിനെ ഇവര്‍ ഇടിച്ചിട്ടത്. സനല്‍ എഴുന്നേറ്റ് വരുന്നതിനിടെയില്‍ സനലിനു നേരെയും ഫിലിപ്പ് വെടിയുതിർത്തു. ഫിലിപ്പിനെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടിയിരുന്നു. എന്നാല്‍ നാട്ടുകാരെ വെട്ടിച്ച് ഫിലിപ്പ് കടന്നു. തുടര്‍ന്ന് സംഭവ സ്ഥലത്ത് നിന്നും എട്ട് കിലോമീറ്ററോളം സഞ്ചരിച്ച പ്രതി മുട്ടം ഭാഗത്തേക്ക് എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്.
വിദേശത്ത് നിന്ന് ഏതാനും ദിവസം മുന്‍പാണ് ഫിലിപ്പ് മാര്ട്ടിന്(26) നാട്ടിലേക്ക് എത്തിയത്. വെടിവെക്കാന്‍ ഇയാള്‍ ഉപയോഗിച്ച തോക്ക് സംബന്ധിച്ചും ആശയക്കുഴപ്പം തുടരുന്നുണ്ട്. എയര്‍ ഗണ്ണാണ് ഇയാള്‍ ഉപയോഗിച്ചത് എന്നും സൂചനയുണ്ട്. സനലിന്റെ കഴുത്തിലും നെഞ്ചിലും വെടിയേറ്റിട്ടുണ്ട്. എന്നാല്‍ നാടന്‍ തോക്കാണ് ഉപയോഗിച്ചതെന്ന റിപ്പോര്‍ട്ടുമുണ്ട്. അതേസമയം, ഫിലിപ്പിന്റെ വെടിയേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രദീപിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. പ്രദീപിന്റെ ശരീരത്തിൽ നിരവധി മുറിവുകളുണ്ട്. തലയിലെ മുറിവ് ഗുരുതരമാണ്. വയറിലെ മുറിവ് ആഴത്തിലുള്ളതാണ്. കരളിൽ തറച്ച വെടിയുണ്ട നീക്കം ചെയ്യുന്നത് ഏറെ ദുഷ്ക്കരമാണെന്നാണ് ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ട്.