23 March, 2022 06:36:47 PM
'ധനം കണ്ടെത്തുക, ജീവിതം പുനഃസൃഷ്ടിക്കുക': മഹാകുബേരയാഗം ഏപ്രിൽ 17 മുതൽ
പാലക്കാട് : ചളവറയിലെ കുബേരപുരി കുബേരക്ഷേത്രത്തിൽ ഏപ്രിൽ 17 മുതൽ 23 വരെ മഹാകുബേരയാഗം നടക്കും. 'ധനം കണ്ടെത്തുക, ജീവിതത്തെ പുനഃസൃഷ്ടിക്കുക' എന്ന മന്ത്രവുമായി ലോകത്ത് സാമ്പത്തികസമാധാനം കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീ ലോഡ് കുബേരട്രസ്റ്റിന്‍റെ നേതൃത്വത്തില്‍ യാഗം നടത്തുന്നത്. വൈദികൻ ചെറുമുക്ക് വല്ലഭൻ അക്കിത്തിരിപ്പാടിന്‍റെ മുഖ്യകാർമികത്വത്തിലാണ് 700 വർഷങ്ങൾക്കുശേഷം മഹാകുബേരയാഗം നടക്കുന്നത്.
ചളവറ പാലാട്ട് പാലസിലെ കുടുംബക്ഷേത്രമാണിത്. കുബേരൻ പ്രധാന ദേവതയായുള്ള ഈ ക്ഷേത്രം കഴിഞ്ഞ നവംബർ ഒന്നിന് കാസർകോട്ടെ എടനീർ മഠാധിപതി സച്ചിദാനന്ദഭാരതി ഭക്തർക്കായി തുറന്നുകൊടുത്തു. പ്രധാന ദേവതയെക്കൂടാതെ ലക്ഷ്മിവിനായക, കനകധാരാ ദേവി (മഹാലക്ഷ്മി), രാജഗോപാലദേവൻ (ശ്രീകൃഷ്ണൻ) എന്നിവരുടെ പ്രതിഷ്ഠകളും കുബേര ടെമ്പിൾ ഓഫ് ഇക്കണോമിക്സിലുണ്ട്.
വെള്ളിയാഴ്ചകളിൽ നടക്കുന്ന ധനവാഹിനിപൂജയാണ് ക്ഷേത്രത്തിലെ പ്രധാനപൂജ. മഹാകുബേരയാഗത്തിൽ നേരിട്ടോ ഓൺലൈനായോ പങ്കെടുക്കാം. പങ്കെടുക്കുന്നവരുടെ പരദേവത ആരാണെന്ന് യാഗകർമികൾ ഗണിച്ചശേഷം അവരെ എങ്ങനെ ഉപാസിക്കണമെന്ന് നിർദേശിക്കും. മൂന്ന് വേദികളിലായിട്ടാവും യാഗം. പ്രത്യേകപൂജകൾ, പ്രഭാഷണങ്ങൾ എന്നിവയുണ്ടാവും. കേരളത്തിലെ പ്രമുഖ വൈദികരും തന്ത്രിമാരും യാഗത്തിൽ പങ്കാളികളാവും. യാഗദിനങ്ങളിൽ ഒരുലക്ഷംപേരുടെ പങ്കാളിത്തമാണ് പ്രതിദിനം പ്രതീക്ഷിക്കുന്നതെന്ന് ക്ഷേത്രം മാനേജിങ് ട്രസ്റ്റി ജിതിൻജയകൃഷ്ണൻ പറഞ്ഞു.