22 March, 2022 11:55:43 AM
ടൂറിസ്റ്റ് ബസ് കേടായി; വാഗമണ്‍ കുരിശുമല അടിവാരത്തില്‍ മുന്നൂറോളം തീര്‍ഥാടകര്‍ കുടുങ്ങി
തൊടുപുഴ: ടുറിസ്റ്റ് ബസ് ബ്രേക്ക് ഡൗണായതിനെത്തുടര്‍ന്ന് വാഗമണ്‍ കുരിശുമല അടിവാരത്തില്‍ തീര്‍ഥാടകര്‍ കുടുങ്ങി. മലപ്പുറത്തു നിന്നും കുരിശുമല കയറാനെത്തിയ മൂന്നൂറോളം തീര്‍ഥാടകരാണ് കുരിശുമല അടിവാരത്തില്‍ കുടുങ്ങിയത്. തിങ്കഴാഴ്ച വൈകുന്നേരം നാലിന് കോഴിക്കോട്, മലപ്പുറം, ഇരുട്ടി എന്നിവിടങ്ങളില്‍ നിന്നായി ഏഴു ബസുകളില്‍ തീര്‍ഥാടകര്‍ വാഗമണ്‍ കുരിശുമല കയറുവാനായി എത്തി.
ആറു ബസുകളും അടിവാരത്തിലെത്തിയെങ്കിലും ഒരു ബസ് വഴിക്കടവ്- അടിവാരം റൂട്ടില്‍ ബ്രേക്ക് ഡൗണാകുകയായിരുന്നു. ഇതോടെ മറ്റു ബസുകള്‍ക്ക് കടന്നുപോകാന്‍ കഴിയാതെയായി. ഇന്നലെ രാത്രി വൈകിയും ബസിന്റെ തകരാറുകള്‍ പരിഹരിക്കാനായിട്ടില്ല. ഇന്നു രാവിലെ മെക്കാനിക് എത്തി വാഹനത്തിന്റെ തകരാറുകള്‍ പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചു.
ഇപ്പോള്‍ ചെറുവാഹനങ്ങള്‍ക്കു മാത്രമേ കടന്നു പോകാന്‍ സാധിക്കുകയുള്ളു. അടിവാരത്തു കുടുങ്ങിയ തീര്‍ഥാടകരില്‍ മൂന്നു ബസിലെ ആളുകള്‍ വാഗമണിലെ വിവിധ റിസോര്‍ട്ടുകളിലേക്ക് മടങ്ങി.
മൂന്നു വാഹനത്തിലെ ആളുകള്‍ വാഹനത്തില്‍ തന്നെ രാത്രി കഴിഞ്ഞു. തീര്‍ഥാടകര്‍ക്ക് വാഗമണ്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയുടെയും കുരിശുമല തീര്‍ഥാടന കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്തു. വലിയ നോമ്പുകാലത്ത് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേരാണ് കുരിശുമല കയറുവാനെത്തുന്നത്.