14 March, 2022 08:44:44 PM
പാലക്കാട് പൂന്തോട്ടം ആയുർവേദ കേന്ദ്രത്തിൽ കഞ്ചാവ് കലർന്ന മരുന്ന് പിടികൂടി
പാലക്കാട്: ചെർപ്പുളശ്ശേരിയിൽ പ്രവർത്തിക്കുന്ന പൂന്തോട്ടം ആയുർവേദ കേന്ദ്രത്തിൽ നിന്നും കഞ്ചാവ് കലർന്ന മരുന്നുകൾ പിടിച്ചെടുത്തു. എക്സൈസ് ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് വിതരണത്തിനായി എത്തിച്ച കഞ്ചാവ് കലർന്ന മരുന്നുകൾ കണ്ടെത്തിയത്. എന്നാൽ ആയുഷ് മന്ത്രാലയം അനുമതി നൽകിയ മരുന്നുകളാണ് വിതരണത്തിനായി എത്തിച്ചതെന്ന് ആയുർവേദ കേന്ദ്രം അധികൃതർ പറഞ്ഞു.
വേദന സംഹാരിയ്ക്കായി ഉപയോഗിയ്ക്കുന്ന കഞ്ചാവ് കലർത്തിയ മരുന്നുകളാണ് പൂന്തോട്ടം ആയുർവേദ കേന്ദ്രത്തിൽ നിന്നും കണ്ടെത്തിയത്. മധ്യപ്രദേശ് ആസ്ഥാനമായി പ്രവർത്തിയ്ക്കുന്ന ബോംബെ ഹെമ്പ് കമ്പനിയുടെ ഹിമാലയൻ ഹെമ്പ് പൗഡർ, കന്നാറിലീഫ് ഓയിൽ, ഹെമ്പ് സീഡ് ഓയിൽ എന്നിവയാണ് പിടിച്ചെടുത്തത്. കഞ്ചാവ് ചേർത്താണ് ഈ മരുന്നുകൾ നിർമ്മിച്ചിരിക്കുന്നതെന്നും കഞ്ചാവ് കലർത്തിയ മരുന്നുകൾ ഉപയോഗിക്കാൻ പൂന്തോട്ടം ആയുർവേദ കേന്ദ്രത്തിന് അനുമതിയില്ലെന്നും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വ്യക്തമാക്കി.
എന്നാൽ ആയുഷ് മന്ത്രാലയത്തിന്റെ അനുമതിയുള്ള മരുന്നുകളാണ് ഇവയെന്നും ഇതിന് പ്രത്യേക അനുമതി ആവശ്യമില്ലെന്നും പൂന്തോട്ടം ആയുർവേദ കേന്ദ്രം ഉടമ ഡോ. പി എം എസ് രവീന്ദ്രൻ പറഞ്ഞു. പിടിച്ചെടുത്ത മരുന്നുകൾ പരിശോധനകൾക്കായി ലാബിലേക്ക് അയക്കും. കഞ്ചാവിന്‍റെ അംശം തെളിയിക്കപ്പെട്ടാല്‍ അറസ്റ്റുൾപ്പടെയുള്ള കൂടുതൽ നടപടികൾ ഉണ്ടാവുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. എന്നാൽ മരുന്ന് കമ്പനി കോടതിയെ സമീപിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്ന് ആയുർവേദ കേന്ദ്രം വ്യക്തമാക്കി. അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണർ ഷാനവാസ് റെയ്സിന് നേതൃത്വം നൽകി.