14 March, 2022 03:09:30 PM


ചായ ചൂടില്ലെന്ന് പറഞ്ഞ് മുഖത്തൊഴിച്ചു; 'ചൂടുളള അടി' കൊടുത്ത് ഹോട്ടല്‍ജീവനക്കാര്‍



മൂന്നാര്‍: ചായ മുഖത്തൊഴിച്ച വിനോദ സഞ്ചാരിയെ ബസ് തടഞ്ഞ് മര്‍ദിച്ച് ഹോട്ടല്‍ ജീവനക്കാര്‍. ശനിയാഴ്ച രാത്രി എട്ടുമണിയ്ക്ക് ടോപ് സ്‌റ്റേഷനിലെ ഹോട്ടലിലായിരുന്നു സംഭവങ്ങള്‍ക്ക് തുടക്കം. ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം ഏറനാട് സ്വദേശി അര്‍ഷിദ് (24), ബസ് ഡ്രൈവര്‍ കൊല്ലം ഓച്ചിറ സ്വദേശി കെ.സിയാദ് (31) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

മലപ്പുറം സ്വദേശികളായ 38 പേരടങ്ങുന്ന സംഘം ചായ കുടിക്കാനായി ഹോട്ടലില്‍ കയറിയത്. എന്നാല്‍ ഓര്‍ഡര്‍ ചെയ്‌തെത്തിയ ചൂടുചായ തണുത്ത് പോയെന്ന് പറഞ്ഞ് ജീവനക്കാരന്‍റെ മുഖത്തൊഴിക്കുകയായിരുന്നു. ജീവനക്കാരുമായി വാക്കേറ്റവും ഉണ്ടായി. തുടര്‍ന്ന് സംഘം ബസില്‍ കയറി സ്ഥലം വിടുകയായിരുന്നു.

എന്നാല്‍ ഹോട്ടല്‍ ജീവനക്കാര്‍ വെറുതെ വിട്ടില്ല. സുഹൃത്തുക്കളെ വിളിച്ചുകൂട്ടി എല്ലപ്പെട്ടിയില്‍ വെച്ച് ബൈക്കിലെത്തിയ ഹോട്ടല്‍ ജീവനക്കാര്‍ ബസ് തടഞ്ഞു. വിനോദസഞ്ചാരികളെയും ഡ്രൈവറെയും പുറത്തിറക്കി മര്‍ദിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും ടാറ്റാ ടീ ആശുപത്രിയില്‍ പ്രാഥമികചികിത്സ നല്‍കിയശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K